ഓട്ടവ: കനേഡിയൻസിന് ആശ്വാസമേകി 2026 നവംബർ മാസത്തിലെ സർവീസ് കാനഡ സാമ്പത്തിക ആനുകൂല്യ വിതരണ തീയതികൾ പ്രഖ്യാപിച്ചു. കാനഡ ഡിസെബിലിറ്റി ബെനഫിറ്റ്, കാനഡ പെൻഷൻ പ്ലാൻ, ഓൾഡ് ഏജ് സെക്യൂരിറ്റി, ഗ്യാരന്റീഡ് ഇൻകം സപ്ലിമെന്റ്, അലവൻസ് പ്രോഗ്രാമുകൾ എന്നിവയുടെ തീയതികളും തുകയിലെ വർദ്ധനവുമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
പ്രധാന വിതരണ തീയതികളിൽ കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് നവംബർ 19-ന് വിതരണം ചെയ്യുമ്പോൾ സി.പി.പി, ഒ.എ.എസ്, ജി.ഐ.എസ്, അലവൻസ് തുകകൾ നവംബർ 26-നാണ് ലഭിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ ഒ.എ.എസ് പെൻഷനിൽ 1.4 ശതമാനം വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ 65 മുതൽ 74 വയസ്സ് വരെയുള്ള മുതിർന്ന പൗരന്മാർക്ക് പരമാവധി പ്രതിമാസ ഒ.എ.എസ് തുക 762.50 ഡോളറായും, 75 വയസ്സും അതിനുമുകളിലുള്ളവർക്ക് 10 ശതമാനം അധിക ആനുകൂല്യത്തോടെ പരമാവധി 838.75 ഡോളറായും ഉയർന്നു.
പ്രതിമാസം പരമാവധി 204.20 ഡോളർ വരെ ലഭിക്കുന്ന കാനഡ ഡിസെബിലിറ്റി ബെനഫിറ്റിനായി 18-നും 64-നും ഇടയിൽ പ്രായമുള്ള യോഗ്യരായവർ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കുറഞ്ഞ വരുമാനമുള്ള ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാർക്ക് ജി.ഐ.എസ് ഇനത്തിൽ പ്രതിമാസം 1,138.90 ഡോളർ വരെ ലഭിക്കും. 65 മുതൽ 74 വയസ്സുവരെയുള്ളവർക്ക് ഒ.എ.എസ്, ജി.ഐ.എസ് ചേർത്ത് പ്രതിമാസം 1,901.40 ഡോളർ വരെയും 75 വയസ്സിന് മുകളിലുള്ളവർക്ക് 1,977.65 ഡോളർ വരെയും കൈപ്പറ്റാം. 60-64 പ്രായപരിധിയിലുള്ള അർഹരായ പങ്കാളികൾക്ക് അലവൻസ് തുകയായി 1,448.06 ഡോളർ വരെയും, പങ്കാളി മരണപ്പെട്ടവർക്ക് 1,726.18 ഡോളർ വരെയും ലഭ്യമാകും. 65 വയസ്സിൽ വിരമിക്കുന്ന സി.പി.പി ഗുണഭോക്താക്കൾക്ക് പരമാവധി 1,507.65 ഡോളറും ആശ്രിതരായ കുട്ടികൾക്ക് പ്രതിമാസം 307.81 ഡോളറുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? നവംബറിൽ വരാനിരിക്കുന്നത് 2 CRA പേയ്മെന്റുകൾ
എംപ്ലോയ്മെന്റ് ഇൻഷുറൻസ് പേയ്മെന്റുകൾ ഈ നിശ്ചിത തീയതികളിലല്ല, വ്യക്തിഗത ക്ലെയിമുകൾ അനുസരിച്ചാണ് നൽകുന്നത്. തുകകൾ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് ക്രെഡിറ്റാകും. പേയ്മെന്റ് എത്താതവർക്ക് മൈ സർവീസ് കാനഡ അക്കൗണ്ട് വഴിയോ ഹെൽപ്പ് ലൈൻ വഴിയോ പരിശോധിക്കാം. ഡിസംബർ മാസത്തെ പേയ്മെന്റുകൾ ക്രിസ്മസ് പ്രമാണിച്ച് യഥാക്രമം ഡിസംബർ 17, 22 തീയതികളിൽ നേരത്തെ ലഭ്യമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





