ഓട്ടവ: നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റത്തിൽ വലയുന്ന കനേഡിയൻസിന് ആശ്വാസം നൽകുന്ന പുതിയ ഫെഡറൽ ബജറ്റ് കനേഡിയൻ സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. എന്നാൽ, സാധാരണക്കാരുടെ ദൈനംദിന ആശ്വാസ പദ്ധതികളേക്കാൾ വൻകിട വ്യവസായ നിക്ഷേപങ്ങൾക്കാണ് പുതിയ ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്.
വിലക്കയറ്റം തടയാൻ ആകെ 22 ബില്യൺ ഡോളറിന്റെ പദ്ധതികളാണ് ബജറ്റിലുള്ളത്. കുറഞ്ഞ വരുമാനക്കാർക്കുള്ള ഗ്രോസറി ബോണസ് തുക 50 ശതമാനം വർധിപ്പിച്ചു. ഇതോടെ ഒരു വ്യക്തിക്ക് പ്രതിവർഷം 1,290 ഡോളർ വരേയും നാലംഗ കുടുംബത്തിന് 2,570 ഡോളർ വരേയും സഹായം ലഭിക്കും. ഇതിനായി 4.1 ബില്യൺ ഡോളർ മാറ്റിവെച്ചു.
കുറഞ്ഞ വരുമാനം കാരണം നികുതി അടക്കാത്ത 1.8 ലക്ഷം പരിപാലകർക്ക് കെയർഗിവർ ക്രെഡിറ്റ് വഴി വർഷം 1,260 ഡോളർ വരെ തിരികെ ലഭിക്കും.
റിട്ടയർമെന്റ് സമ്പാദ്യ പദ്ധതികളായ RRSP, RRIF എന്നിവ ലയിപ്പിച്ചതാണ് മറ്റൊരു പ്രഖ്യാപനം. ലീറ്ററിന് 10 സെന്റ് ഇളവ് നൽകുന്ന ഇന്ധന നികുതി ഇളവ് 2027 ജനുവരി വരെ തുടരാനായി 5.3 ബില്യൺ ഡോളർ വകയിരുത്തി. ഭവനരഹിതാവസ്ഥ പത്ത് വർഷത്തിനുള്ളിൽ പരിഹരിക്കാൻ 11.2 ബില്യൺ ഡോളറും, കുറഞ്ഞ വരുമാനക്കാരായ വാടകക്കാർക്ക് നേരിട്ടുള്ള ധനസഹായത്തിനായി 1.7 ബില്യൺ ഡോളറും ബജറ്റ് നീക്കിവെക്കുന്നു.
LSO READ: നയാഗ്ര ഫാൾസ് വിദ്യാർഥികൾക്ക് 1 മില്യൺ സ്കോളർഷിപ്പ്; സേ യെസും നയാഗ്ര സർവകലാശാലയും കൈകോർക്കുന്നു
കുറഞ്ഞ വേതനക്കാർക്കുള്ള ആനുകൂല്യ പരിധി 3,000 ഡോളറിൽ നിന്ന് 500 ഡോളറായി കുറച്ചു. 25 വയസ്സിൽ താഴെയുള്ളവർക്ക് ദേശീയ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം ഉറപ്പാക്കി. എന്നാൽ, സാധാരണക്കാർക്ക് നൽകുന്ന 22 ബില്യൺ ഡോളർ ആനുകൂല്യങ്ങളെക്കാൾ വലുതാണ് ബിസിനസ്സ് നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 36 ബില്യൺ ഡോളറിന്റെ ടാക്സ് ഇളവുകളെന്ന് സാമ്പത്തിക വിദഗ്ധയായ അർമിൻ യാൽനിസിയാൻ ചൂണ്ടിക്കാട്ടുന്നു.
തൽക്കാലം ചെറിയ ആശ്വാസങ്ങൾ ലഭിക്കുമെങ്കിലും, അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും കടകളിൽ അനുഭവപ്പെടുന്ന കടുത്ത വിലക്കയറ്റത്തിൽ ചെറിയ ഇളവുകൾ പോലും ഉപകാരപ്പെടുമെന്ന പ്രതീക്ഷയിലാണ് കുടിയേറ്റ മലയാളികൾ അടക്കമുള്ളവർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





