കൊച്ചി: മലയാള നടിയും സംഘവും ചേർന്ന് ഡോക്ടറെ മർദ്ദിച്ച് ഫോണുകൾ കവർന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പരാതിക്കാരനായ ഡോക്ടർ നിരവധിയേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പത്തിലേറെ സ്ത്രീകളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. നിലവിൽ ബലാത്സംഗക്കേസിൽ പ്രതിയായ ഡോക്ടർ ഒളിവിലാണ്.
മദ്യം നൽകിയും ലഹരിമരുന്നുകളും സൈക്കോട്രോപിക് മരുന്നുകളും നൽകി ബോധരഹിതരാക്കിയ ശേഷമാണ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോണിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ച സ്ത്രീകളിൽ ഭൂരിഭാഗവും ഈ ഡോക്ടറുടെ രോഗികളോ അവരുടെ ബന്ധുക്കളോ ആണെന്നാണ് വിവരം. ചികിത്സയ്ക്കായി സമീപിച്ച സ്ത്രീകളെയാണോ ഇയാൾ ഇത്തരത്തിൽ ചൂഷണത്തിന് ഇരയാക്കിയത് എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
കേസിൽ അറസ്റ്റിലായ നടിയുടെ ബന്ധു ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മദ്യത്തിലും ലഹരിമരുന്നിലും ബോധം കെടുത്തി ഡോക്ടർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ബന്ധു നൽകിയ മൊഴി. നവംബർ രണ്ടിന് കൊച്ചി പൊന്നുരുന്നിയിലെ ഫ്ലാറ്റിൽ വെച്ച് ഡോക്ടറെ മർദ്ദിക്കുകയും മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവരുകയും ചെയ്ത കേസിൽ നടിയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രോഗിയെ പരിശോധിക്കാനെന്ന വ്യാജേന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് ഫോണും 3.5 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചും കവർന്നെന്നായിരുന്നു ഡോക്ടറുടെ പരാതി.
എന്നാൽ, ഡോക്ടറുടെ ഫോണിൽ നിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ഇയാൾക്കെതിരെയും പോലീസ് ശക്തമായ നടപടികളിലേക്ക് കടന്നു. കാണാതായ ഫോണുകളിൽ ലൈംഗികാതിക്രമങ്ങളുടെ സുപ്രധാന തെളിവുകൾ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ദൃശ്യങ്ങളിലുള്ള സ്ത്രീകളെ തിരിച്ചറിയാനും കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്താനും ശ്രമങ്ങൾ തുടരുകയാണ്.
ALSO READ: ബിസിനസ് ആവശ്യത്തിനെത്തിയ അമേരിക്കൻ പൗരനെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
വെള്ളിയാഴ്ച ഡോക്ടറുടെ വസതിയിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കേസിൽ മുൻകൂർ ജാമ്യം തേടി ഡോക്ടർ കേരള ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരങ്ങൾ. മർദ്ദനവും കവർച്ചയും സംബന്ധിച്ച് ഒരു കേസും, ഡോക്ടർക്കെതിരെയുള്ള ലൈംഗിക ചൂഷണ പരാതിയിൽ മറ്റൊരു കേസുമായി രണ്ട് സമാന്തര ക്രിമിനൽ അന്വേഷണങ്ങളാണ് നിലവിൽ പോലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





