വാഷിങ്ടൺ: ഇന്ത്യൻ വംശജരായ പ്രമുഖ ഭരണാധികാരികളെയും വ്യവസായ സംരംഭകരെയും പങ്കെടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ദീപാവലി ആഘോഷിച്ചു. മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ് മെഹ്റോത്ര, യുഎസിലെ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ക്വാത്ര, പ്രശസ്ത ഷെഫ് വികാസ് ഖന്ന, സംരംഭകൻ വിശാൽ ഗോണ്ടൽ, ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ ഡോ. ജയ് ഭട്ടാചാര്യ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഓവൽ ഓഫീസിൽ നിലവിളക്ക് കൊളുത്തിയാണ് പ്രസിഡന്റ് ട്രംപ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണർ അർജുൻ മോദി, ധല്ല ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രസിഡന്റും സിഇഒയുമായ റൂബി ധല്ല, നാക്ക് സിസ്റ്റംസ് സ്ഥാപകനും സിഇഒയുമായ രാജീവ് ശർമ, കേശവം ഡിസി പ്രസിഡന്റ് വിശ്വജിത് മല്ലമ്പാട്ടി, വൈറ്റ് ഹൗസ് ഇവന്റ്സ് വിഷർ അരവിന്ദ് ചദ്ദ തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ദീപാവലി ആഘോഷം.
ചടങ്ങിൽ പങ്കെടുത്ത ജിഒക്യുഐഐ ടെക്നോളജീസ് സ്ഥാപകനായ വിശാൽ ഗോണ്ടൽ, തുളസീദാസ് രചിച്ച ഹനുമാൻ ചാലിസയുടെ പ്രതി പ്രസിഡന്റ് ട്രംപിന് സമ്മാനമായി നൽകി. ധൈര്യത്തിനും ഭക്തിക്കും ശക്തിക്കുമായി ദശലക്ഷക്കണക്കിന് ആളുകൾ ജപിക്കുന്ന ഹനുമാൻ ചാലിസ ട്രംപിന് സമ്മാനിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിശാൽ ഗോണ്ടൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഭാരതവും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിനും ഇരുളിന്മേൽ വെളിച്ചത്തിന്റെ വിജയത്തിനുമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2003-ൽ അന്നത്തെ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷാണ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കുന്ന പരമ്പരയ്ക്ക് തുടക്കമിട്ടത്. മുൻകാലങ്ങളിൽ ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് ബിൽഡിംഗിൽ നടന്നിരുന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 2009-ൽ വൈറ്റ് ഹൗസിൽ വെച്ച് ആദ്യമായി വിളക്ക് തെളിയിച്ചത് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയാണ്. തുടർന്നുള്ള വർഷങ്ങളിൽ ഓവൽ ഓഫീസ്, റൂസ്വെൽറ്റ് റൂം തുടങ്ങി വൈറ്റ് ഹൗസിലെ വിവിധ വേദികളിൽ ദീപാവലി ആഘോഷങ്ങൾ തുടർച്ചയായി സംഘടിപ്പിച്ചുപോരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





