ഒന്റാരിയോ; അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റത്തിലെ വിവരങ്ങൾ ചോർന്നു. സംഭവത്തിനെ തുടർന്ന് വിമാനക്കമ്പനിയായ എയർ ക്രീബെക് സൈബർ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചു. ജീവനക്കാർ, യാത്രക്കാർ, ബിസിനസ് പങ്കാളികൾ എന്നിവരുടെ സുപ്രധാന വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. കാനഡയിലെ ടിമിൻസ് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധിയാളുകളെ ഈ സുരക്ഷാവീഴ്ച നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്.
ഒക്ടോബർ അവസാനത്തോടെയാണ് അജ്ഞാതരായ ഹാക്കർമാർ കമ്പനിയുടെ നെറ്റ്വർക്കിൽ കടന്നുകയറി വിവരങ്ങളടങ്ങിയ ഫയലുകൾ ചോർത്തിയത്. നിലവിലുള്ളതും വിരമിച്ചതുമായ ജീവനക്കാർ, യാത്ര ചെയ്തവർ, മറ്റ് ബിസിനസ് ആളുകൾ എന്നിവരുടെ രേഖകളാണ് നഷ്ടപ്പെട്ടത്. എന്നാൽ എത്രപേർക്ക് വിവരങ്ങൾ നഷ്ടമായി എന്നതിൽ ഇതുവരെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വിലയിരുത്തലുകൾ പൂർത്തിയാകാതെ ആളുകളുടെ എണ്ണം വ്യക്തമാക്കാൻ കഴിയില്ലെന്നും കമ്പനിയുടെ മാർക്കറ്റിംഗ് ഡയറക്ടർ എഡ്വേർഡ് ട്രഹാൻ അറിയിച്ചു. സംഭവത്തിൽ പെട്ടുപോയലരെ കമ്പനി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകും. അന്വേഷണത്തിനും സുരക്ഷ ശക്തമാക്കുന്നതിനുമായി പ്രത്യേക സൈബർ വിദഗ്ധരെ കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങളുടെ സർവീസിനെയും ഫ്ലൈറ്റ് സിസ്റ്റങ്ങളെയും ഈ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സൈബർ കുറ്റവാളികൾ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാണ് സ്ഥാപനങ്ങളിലെ സോഫ്റ്റ്വെയർ വീഴ്ചകൾ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ബിസിനസുകൾ കൃത്യമായി സോഫ്റ്റ്വെയറുകൾ അപ്ഡേറ്റ് ചെയ്യാനും മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ പോലുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ഐടി വിദഗ്ധനായ പോൾ ബ്രൂനെറ്റ് ഓർമ്മിപ്പിക്കുന്നു. വിവര ചോർച്ചയെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ എയർ ക്രീബെക് വെബ്സൈറ്റിൽ സഹായ വിവരങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ ആളുകൾക്ക് വിവരങ്ങൾ അറിയാനായി ഒരു പ്രത്യേക ഫോൺ ലൈൻ സൗകര്യവും കമ്പനി ഉടൻ തന്നെ ലഭ്യമാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





