ഓട്ടവ : കുറഞ്ഞ വരുമാനക്കാരായ കനേഡിയൻ പൗരന്മാർക്ക് ആശ്വാസമേകുന്ന സാമ്പത്തിക ആനുകൂല്യങ്ങളും വാടക സഹായങ്ങളും ഉൾപ്പെടുത്തി കനേഡിയൻ സർക്കാർ പുതിയ ഫെഡറൽ ബജറ്റ് പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനായുള്ള ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ പദ്ധതി തുക 50 ശതമാനം വർദ്ധിപ്പിച്ചതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. 2026-27 വർഷത്തിലേക്ക് പ്രഖ്യാപിച്ച ഈ വർദ്ധനവിലൂടെ ഒറ്റയ്ക്ക് കഴിയുന്ന വ്യക്തിക്ക് പ്രതിവർഷം 1,290 ഡോളർ വരെയും, രണ്ടു കുട്ടികളുള്ള ദമ്പതികൾക്ക് 2,570 ഡോളർ വരെയും സഹായം ലഭിക്കും. ഇതിനായി മൊത്തം 4.1 ബില്യൺ ഡോളറാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്.
നിർദ്ദിഷ്ട ബജറ്റിൽ സാധാരണക്കാർക്കായി ആകെ 22 ബില്യൺ ഡോളറിന്റെ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വൻകിട പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമാണ് ലിബറൽ സർക്കാർ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. ബിസിനസ്സ് നിക്ഷേപങ്ങൾക്കായി 36 ബില്യൺ ഡോളറോളമാണ് കാനഡ മാറ്റി വെച്ചിട്ടുള്ളത്. ജീവിതച്ചെലവ് ലഘൂകരിക്കുന്നതിൽ ബജറ്റ് വലിയ മാറ്റമൊന്നും വരുത്തില്ലെന്നും, ജനങ്ങൾക്ക് അടിയന്തര ആശ്വാസം നൽകുന്ന പദ്ധതികളേക്കാൾ വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളതെന്നും സാമ്പത്തിക വിദഗ്ദ്ധ ആർമിൻ യാൽനിസിയാൻ നിരീക്ഷിച്ചു.
ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി വരുന്ന 10 വർഷത്തിനുള്ളിൽ 11.2 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ബജറ്റിൽ വാഗ്ദാനമുണ്ട്. കുറഞ്ഞ വരുമാനക്കാരായ വാടകക്കാർക്ക് പ്രതിമാസ ധനസഹായം നൽകുന്ന ‘കാനഡ ഹൗസിംഗ് ബെനഫിറ്റ്’ 10 വർഷത്തേക്ക് കൂടി നീട്ടി നൽകും. 2028-29 സാമ്പത്തിക വർഷം മുതൽ 1.7 ബില്യൺ ഡോളറാണ് ഇതിനായി നീക്കിവെക്കുക. ഇതിനുപുറമെ, വിദേശികൾ കാനഡയിൽ വീടുകൾ വാങ്ങുന്നതിന് നിലവിലുള്ള വിലക്ക് 2029 ജനുവരി വരെ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വർക്കിംഗ് ക്ലാസ് ജനവിഭാഗങ്ങൾക്കായി ‘കാനഡ വർക്കേഴ്സ് ബെനഫിറ്റ്’ ലഭിക്കാനുള്ള കുറഞ്ഞ വരുമാന പരിധി 3,000 ഡോളറിൽ നിന്നും 500 ഡോളറായി കുറച്ചു. ഇതോടെ കൂടുതൽ സാധാരണക്കാർക്ക് പ്രതിവർഷം 1,859 ഡോളർ വരെ നികുതി ഇളവ് ലഭിക്കും. കുടുംബങ്ങൾക്ക് ഇത് 3,143 ഡോളർ വരെയായിരിക്കും. കൂടാതെ കേയർഗിവർ ടാക്സ് ക്രെഡിറ്റ് റീഫണ്ടബിൾ ആക്കി മാറ്റിയതോടെ 1,80,000 ആളുകൾക്ക് കൂടി ഇതിന്റെ ആനുകൂല്യം ലഭിക്കും. വിരമിക്കൽ സമ്പാദ്യ പദ്ധതികളായ ആർ.ആർ.എസ്.പി, ആർ.ആർ.ഐ.എഫ് എന്നിവ സംയോജിപ്പിക്കുന്ന ‘ആർ.ആർ.എസ്.പി ഫോർ ലൈഫ്’ പദ്ധതിയും ബജറ്റിന്റെ ഭാഗമാണ്.
ALSO READ: ഓട്ടവയിൽ വീടുകളുടെ വിൽപ്പനയിൽ ഇടിവ്; സെപ്റ്റംബറിൽ പുതിയ ലിസ്റ്റിംഗുകൾ വർധിച്ചതായി OREB റിപ്പോർട്ട്
അതേസമയം, ഇന്ധന നികുതി താൽക്കാലികമായി ഒഴിവാക്കിയതിലൂടെ 5.3 ബില്യൺ ഡോളറിന്റെ ആശ്വാസം പമ്പുകളിൽ ലഭ്യമാക്കുമെന്ന് വ്യക്തമാക്കുന്നു. ഇതിനുപുറമെ, 25 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാർക്കും കുട്ടികൾക്കും മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കാനും ബജറ്റ് നിർദ്ദേശമുണ്ട്. ദേശീയോദ്യാനങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഇളവുകൾ നൽകുന്ന ‘കാനഡ സ്ട്രോങ് പാസ്’ അടുത്ത വേനൽക്കാലത്തും തുടരുമെന്ന് സർക്കാർ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





