ലണ്ടൻ: നാല് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ ബ്രിട്ടീഷ് കൊമേഡിയൻ റസ്സൽ ബ്രാൻഡ് (51) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2009-ൽ 21 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതും കുറ്റങ്ങളിൽ ഉൾപ്പെടുന്നു. വിധിക്കു പിന്നാലെ പ്രതിയെ റിമാൻഡ് ചെയ്തു. അടുത്ത തിങ്കളാഴ്ച കോടതി ശിക്ഷ വിധിക്കും.
2004-ൽ ഒരു ബാറിൽ വെച്ച് എം.ടി.വി ജീവനക്കാരിയെയും 2005-ൽ ജോലിസ്ഥലത്ത് മറ്റൊരു സ്ത്രീയെയും ലൈംഗികമായി അതിക്രമിച്ചതായും 2009-ൽ മറ്റൊരു സ്ത്രീയെ നിർബന്ധിച്ച് മസാജ് ചെയ്യിപ്പിച്ച് അതിക്രമം നടത്തിയതായും കേസുകളുണ്ട്. 12 അംഗ ജുറിയാണ് നാല് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ALSO READ: അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്ന് ആരോപണം; നടൻ ബാലു വർഗീസിന് വക്കീൽ നോട്ടീസ്
ലഭിച്ച പ്രശസ്തിയും സ്വാധീനവും ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു പ്രതിയെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. പ്രോസിക്യൂഷനും ബ്രാൻഡിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ‘ലൈംഗിക വേട്ടക്കാരൻ’ എന്നാണ് പ്രോസിക്യൂഷൻ പ്രതിയെ വിശേഷിപ്പിച്ചത്.
കുറ്റക്കാരനെന്ന വിധി വന്നതിനു പിന്നാലെ കോടതി മുറിയിൽ വെച്ച് ഭാര്യ ലോറ ഗാലച്ചറോട് ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് ബ്രാൻഡ് പറഞ്ഞു.
കോമഡി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രശസ്തനായ ബ്രാൻഡ് ‘ഫോർഗെറ്റിങ് സാറാ മാർഷ്വൽ’ ഉൾപ്പെടെയുള്ള ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗായിക കാറ്റി പെറിയുടെ മുൻ ഭർത്താവായ ബ്രാൻഡിനെതിരെ മറ്റ് രണ്ട് ബലാത്സംഗ ആരോപണങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





