കൊച്ചി: അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാരോപിച്ച് നടൻ ബാലു വർഗീസിന് യുവതി വക്കീൽ നോട്ടീസ് അയച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയണമെന്നും ഭാവിയിൽ ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം. ഇംഗ്ലീഷ് ഡിജിറ്റൽ വാർത്താ പോർട്ടലായ ‘ദി ന്യൂസ് മിനിറ്റാണ്’ (The News Minute) ഈ വിവരം പുറത്തുവിട്ടത്.

അടുത്തിടെ ഒരു സ്വകാര്യ ചടങ്ങിനിടെ നീന്തൽക്കുളത്തിൽ വെച്ച് ബാലു വർഗീസ് ബലമായി ശരീരത്തിൽ സ്പർശിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് ഉറപ്പുണ്ടെന്നും സംഭവത്തെ ചോദ്യം ചെയ്തപ്പോൾ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു നടന്റെ മറുപടിയെന്നും യുവതി പറയുന്നു. എന്നാൽ താൻ നിലപാടിൽ ഉറച്ചുനിന്നതോടെ ബാലു മാപ്പുപറഞ്ഞെന്നും പരാതിക്കാരി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് യുവതി ഭർത്താവിനോട് പറയുകയും, അടുത്ത ദിവസം അദ്ദേഹം സംസാരിച്ചപ്പോഴും അബദ്ധത്തിൽ സംഭവിച്ചതാണെന്ന വിശദീകരണമാണ് നടൻ നൽകിയതെന്നും നോട്ടീസിൽ പറയുന്നു. സുഹൃത്തുക്കളായ മറ്റ് സ്ത്രീകളുമായി സംഭവം പങ്കുവെച്ചപ്പോഴാണ് സമാനമായ അനുഭവങ്ങൾ ഉണ്ടായ മറ്റു ചിലരുണ്ടെന്ന് വ്യക്തമായതെന്നും, ഇതാണ് നിയമനടപടിയുമായി മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചതെന്നും അവർ പറയുന്നു.
ALSO READ: ലൈംഗികാതിക്രമ കേസിൽ തെളിവില്ലെന്ന് പ്രോസിക്യൂഷൻ; ഹോളിവുഡ് നടൻ മൈക്ക് സ്മിത്ത് കുറ്റമുക്തൻ
കഴിഞ്ഞ വർഷം മാർച്ചിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തിയതായി ദി ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. സുഹൃത്തുക്കൾ പങ്കെടുത്ത ചടങ്ങിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടും നടൻ പിന്മാറിയില്ലെന്നും ‘തന്നെ പേടിയാണോ’ എന്ന് ചോദിച്ചെന്നുമാണ് ഇവരുടെ ആരോപണം. ഇതേ പാർട്ടിയിൽ വെച്ച് അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്ന് മൂന്നാമതൊരു സ്ത്രീയും ആരോപിച്ചിട്ടുണ്ട്.
അയച്ച വക്കീൽ നോട്ടീസിന് ബാലു വർഗീസിൽനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്. അതേസമയം, ഉയർന്നുവന്ന ആരോപണങ്ങളിൽ നടന്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Balu Varghese Faces Legal Notice Over Alleged Misconduct’




