ഷാർലെറ്റ്‌ടൗൺ: പൊട്ടറ്റോ വാർട്ട് ബാധിച്ച 15 കൃഷിയിടങ്ങൾ പ്രിൻസ് എഡ്വേർഡ് ഐലൻഡ് സർക്കാർ 9 മില്യൺ ഡോളർ ചെലവഴിച്ച് വാങ്ങി. ഏകദേശം 1,000 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ സർക്കാർ വാങ്ങിയത്. രോഗവ്യാപനം തടയുന്നതിനും അമേരിക്കയിലേക്കുള്ള ഉരുളക്കിഴങ്ങ് കയറ്റുമതിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുമാണ് നടപടി.
ഉരുളക്കിഴങ്ങ് വിളയെ നശിപ്പിക്കുന്ന ഫംഗസ് രോഗമാണ് പൊട്ടറ്റോ വാർട്ട്. മനുഷ്യരുടെ ആരോഗ്യത്തിന് ഭീഷണിയില്ലെങ്കിലും മണ്ണിലൂടെയും രോഗബാധിത വിത്തുകളിലൂടെയും ഇത് പടരാം. സർക്കാർ വാങ്ങിയ ഭൂമിയിൽ ഇനി ഉരുളക്കിഴങ്ങ് കൃഷി ചെയ്യില്ല. ഏറ്റെടുത്ത ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് സർക്കാർ പദ്ധതി.
ALSO READ: ഫെഡറല്‍ ബജറ്റ് ഇന്ന്; സാമ്പത്തിക വളര്‍ച്ചയ്ക്കും ആഭ്യന്തര നിക്ഷേപത്തിനും മുന്‍ഗണന
ഇതിനു പുറമെ 1,000 ഏക്കർ കൂടി വാങ്ങാൻ സർക്കാർ ചർച്ച നടത്തുന്നുണ്ട്. എന്നാൽ ഭൂമി വിൽക്കാൻ താൽപര്യമില്ലാത്ത ചില ഉടമകൾ സ്വന്തം ഭൂമിയിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
2000-ലാണ് പ്രവിശ്യയിൽ ആദ്യമായി പൊട്ടറ്റോ വാർട്ട് കണ്ടെത്തിയത്. ഇതുവരെ 38 കൃഷിയിടങ്ങളിൽ രോഗം സ്ഥിരീകരിച്ചു. 2021-ൽ രോഗം കണ്ടെത്തിയതിനെത്തുടർന്ന് അമേരിക്ക നാല് മാസത്തേക്ക് പ്രവിശ്യയിൽ നിന്നുള്ള ഉരുളക്കിഴങ്ങ് ഇറക്കുമതി നിർത്തിവച്ചിരുന്നു. ഈ വർഷം മേയിൽ വീണ്ടും രോഗം കണ്ടെത്തിയതിനു പിന്നാലെ ഒക്ടോബർ 5 മുതൽ അമേരിക്ക കയറ്റുമതിക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉരുളക്കിഴങ്ങിന്റെ അവശിഷ്ടങ്ങൾ മൃഗങ്ങൾക്ക് തീറ്റയായി നൽകുന്നതും പാക്കറ്റുകളിലെ ലേബൽ സംബന്ധിച്ച നിബന്ധനകളും കർശനമാക്കി.
പി.ഇ.ഐ. പൊട്ടറ്റോ ബോർഡ് ജനറൽ മാനേജർ ഗ്രെഗ് ഡൊണാൾഡ് സർക്കാർ നടപടിയെ പിന്തുണച്ചു. രോഗം ബാധിച്ച ഭൂമി കൃഷിക്ക് ഉപയോഗിക്കാതിരിക്കുന്നത് പൊട്ടറ്റോ വാർട്ടിന്റെ വ്യാപനസാധ്യത ഇല്ലാതാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





