ചെന്നൈ: തമിഴ്നാട്ടിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കി. ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് വോട്ട് ലക്ഷ്യമിട്ടല്ല താൻ വിദ്യാർത്ഥികളെ കാണാനെത്തിയതെന്ന് വിജയ് വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രചാരണങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി അടുത്തിടെ ശക്തമായ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് വിജയുടെ ഈ വിശദീകരണം.
2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് താൻ ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിക്കളയുന്നതായി വിജയ് പറഞ്ഞു. “ഞാൻ ഇവിടെ ഒരു മുഖ്യമന്ത്രിയായി നിൽക്കുന്നതല്ല, പതിവുപോലെ നിങ്ങളുടെ ഒരു സഹോദരനായിട്ടാണ് എത്തിയിരിക്കുന്നത്. 2029-ലെ തിരഞ്ഞെടുപ്പിന് വിജയ് ഇപ്പോഴേ തയ്യാറെടുക്കുകയാണെന്ന് ചിലർ കരുതിയേക്കാം. എന്നാൽ അങ്ങനെയൊന്നുമില്ല. ഞാൻ ഇവിടെ രാഷ്ട്രീയം സംസാരിക്കാനോ വോട്ട് ചോദിക്കാനോ വന്നതല്ല. ഇപ്പോൾ നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെയും പാർട്ടിയുടെയും ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. നന്നായി പഠിച്ച് വലിയ നേട്ടങ്ങളിലേക്ക് ഉയർന്നുവരൂ,” എന്നും വിജയ് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
വിദ്യാർത്ഥികൾ പരസ്പര ബഹുമാനം പുലർത്തണമെന്നും കൈക്കൂലി, അഴിമതി, ലഹരിവസ്തുക്കൾ തുടങ്ങിയ തിന്മകളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജീവിതത്തെ തകർക്കുന്ന ദോഷകരമായ ശീലങ്ങളിൽ പെട്ടുപോകരുതെന്നും വിജയ് ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും പ്രശംസാപത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. 2023 മുതൽ വിജയ് ഈ പുരസ്കാര വിതരണം ഒരു വാർഷിക ചടങ്ങായി നടത്തിവരുന്നുണ്ട്.
രാഷ്ട്രീയ പ്രചാരണങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണത്തെ മാനിക്കുന്നുവെന്ന് ടിവികെ വക്താവ് എം. സത്യകുമാർ പ്രതികരിച്ചു. കോടതിയുടെ ആശങ്കൾ പൂർണ്ണമായും ശരിയാണെന്നും അത് പൂർണ്ണമായി പാലിച്ചുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ പാർട്ടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടിയിൽ സ്വമേധയാ പ്രവർത്തിക്കാനും പ്രചാരണത്തിൽ പങ്കാളികളാകാനും എത്തുന്ന കുട്ടികളെ പൂർണ്ണമായി തടയുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം
വർഷങ്ങൾക്ക് മുൻപ് വളരെ ചെറിയ രീതിയിലാണ് ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികളെ ആദരിക്കുന്ന ഈ പരിപാടി തുടങ്ങിയത്. പിന്നീട് പാർട്ടി രൂപീകരണത്തിനും രാഷ്ട്രീയ വളർച്ചയ്ക്കും പിന്നാലെ ഇത് നിയോജകമണ്ഡല അടിസ്ഥാനത്തിൽ വിപുലീകരിക്കുകയായിരുന്നുവെന്നും, മുഖ്യമന്ത്രിയെന്ന നിലയിലും ഈ നല്ല കാര്യം തുടരനാണ് വിജയ് ആഗ്രഹിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




