ഓട്ടവ: സിറിയയിൽ ഐസിസ് ഭീകര സംഘടനയിൽ ചേർന്ന കേസിൽ കാനഡയിൽ വിചാരണ നേരിടുന്ന ആദ്യ വനിതയായ അമ്മര അംജദ് (32) പൂർണ്ണമായും ഭീകരവാദ ആശയങ്ങൾക്ക് അടിപ്പെട്ടിരുന്നു എന്ന് സുഹൃത്തിന്റെ മൊഴി. ഓന്റാറിയോയിലെ ബ്രാംപ്ടൺ കോടതിയിലാണ് അമ്മരയുടെ മുൻകാല സുഹൃത്തായ നവീദ് ഡിയോൾ നിർണ്ണായക മൊഴി നൽകിയത്. കൗമാരപ്രായത്തിൽ സാധാരണ ജീവിതം നയിച്ചിരുന്ന അമ്മര, പിന്നീട് കടുത്ത ഭീകരവാദ ആശയങ്ങളിലേക്ക് മാറുകയും തങ്ങളുമായി അകലുകയും ചെയ്തുവെന്ന് ഡിയോൾ കോടതിയെ അറിയിച്ചു.
പാകിസ്ഥാൻ വംശജയും രണ്ട് കുട്ടികളുടെ അമ്മയുമായ അമ്മര അംജദ്, 2015-ൽ 19-ാം വയസ്സിലാണ് കാനഡ വിട്ട് ഭീകര സംഘടനയുടെ ഭാഗമാകാൻ സിറിയയിലേക്ക് പോയത്. ഐസിസ് ഭീകരനായ ബിലാൽ ഖാനെ വിവാഹം കഴിക്കാനാണ് ഇവർ തുർക്കി വഴി സിറിയയിലെത്തിയത്. ബിലാൽ ഖാന്റെ നിരന്തരമായ പ്രേരണയും സ്വാധീനവുമാണ് സാധാരണക്കാരിയായ അമ്മരയെ തീവ്രവാദ വഴിയിലേക്ക് നയിച്ചതെന്നും, തന്നെ വിമാനത്താവളത്തിൽ എത്തിക്കാൻ അമ്മര ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയതിനാൽ നിരസിക്കുകയായിരുന്നുവെന്നും ഡിയോൾ വ്യക്തമാക്കി.
ഭീകര സംഘടനയിൽ ചേർന്ന ശേഷം കനേഡിയൻ പൗരനായ ബിലാൽ ഖാൻ, ബ്രിട്ടീഷ് പൗരനായ ഹംസ പർവേസ് എന്നീ രണ്ട് ഐസിസ് പോരാളികളെയാണ് അമ്മര വിവാഹം കഴിച്ചത്. 2015 നവംബറിൽ ബിലാൽ ഖാൻ കൊല്ലപ്പെടുകയും, പിന്നീട് പ്രസവിച്ച കുഞ്ഞ് ഒരു ദിവസത്തിനുള്ളിൽ മരിക്കുകയും ചെയ്തപ്പോഴും അമ്മര ഐസിസ് ആശയങ്ങളിൽ ഉറച്ചുനിന്നതായി പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. ആയുധമെടുത്ത് പോരാടിയവർ മാത്രമല്ല, ഭാര്യമാരായും അമ്മമാരായും ഭീകര സംഘടനയെ പിന്തുണച്ചവരും കുറ്റക്കാരാണെന്നാണ് കനേഡിയൻ പ്രോസിക്യൂഷന്റെ നിലപാട്. 2019 മാർച്ച് ആദ്യവാരം ഐസിസിന്റെ അവസാന കേന്ദ്രമായ ബാഗൂസ് മേഖല തകർന്നതോടെ യുഎസ് പിന്തുണയുള്ള കുർദിഷ് സേന അമ്മരയെ തടവിലാക്കി.
Read more: വർഷത്തിൽ രണ്ടുതവണയുള്ള ക്ലോക്ക് മാറ്റം:അഭിപ്രായം അറിയിക്കാൻ സർവേയുമായി സർക്കാർ
വടക്കുകിഴക്കൻ സിറിയയിലെ തടവുകാരുടെ ക്യാമ്പിൽ നാല് വർഷത്തോളം കഴിഞ്ഞ അമ്മരയെ 2023 ഏപ്രിലിലാണ് കനേഡിയൻ സർക്കാർ തിരികെയെത്തിച്ചത്. തുടർന്ന് അതേവർഷം ഒക്ടോബറിൽ ഭീകരവിരുദ്ധ നിയമപ്രകാരം ആർസിഎംപി (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) ഇവരെ അറസ്റ്റ് ചെയ്തു. അമ്മരയുടെ അമ്മയുടെ ഫോണിൽ നിന്ന് ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളും എഫ്ബിഐ കൈമാറിയ തെളിവുകളും ആധാരമാക്കിയാണ് പ്രോസിക്യൂഷൻ കേസ് വാദിക്കുന്നത്. കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്ന് മുൻപ് നിരവധി പേർ ഐസിസിൽ ചേരാൻ സിറിയയിലേക്കും ഇറാഖിലേക്കും പോയിരുന്നു. ഐസിസിന്റെ തകർച്ചയ്ക്ക് ശേഷം കാനഡയിൽ തിരിച്ചെത്തിച്ച ഒമ്പത് സ്ത്രീകളിൽ വിചാരണ നേരിടുന്ന ആദ്യ വനിതയാണ് അമ്മര അംജദ്. കേസിൽ അമ്മരയ്ക്കെതിരായ തെളിവെടുപ്പ് നടപടികൾ ബുധനാഴ്ച പൂർത്തിയായിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





