വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിടുന്നത്. കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത തെളിഞ്ഞതോടെ, തന്റെ ഭരണത്തിന്റെ അവസാന രണ്ട് വർഷങ്ങളിൽ കടുത്ത പ്രതിപക്ഷ എതിർപ്പിനെയാകും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരിടേണ്ടി വരിക. നോർത്ത് കരോളിനയിലെ നിർണായക സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ ഗവർണറുമായ റോയ് കൂപ്പർ, ട്രംപ് പിന്തുണച്ച മൈക്കൽ വാറ്റ്ലിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തു. 53-47 എന്ന ഭൂരിപക്ഷമുള്ള സെനറ്റിൽ ആധിപത്യം സ്ഥാപിക്കാൻ ഡെമോക്രാറ്റുകൾക്ക് നാല് സീറ്റുകളുടെ ജയം കൂടി ആവശ്യമാണ്.
2027 ജനുവരി 3-നാണ് പുതിയ കോൺഗ്രസിന്റെ കാലാവധി ആരംഭിക്കുന്നത്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ ഫണ്ട് ബില്ലുകൾ അംഗീകരിക്കുന്നതിലും നയരൂപീകരണത്തിലും വലിയ തടസ്സങ്ങൾ ഉണ്ടാകും. ട്രംപിന്റെ മുൻ ഭരണകാലത്തും സമാനമായ സാഹചര്യമുണ്ടായിരുന്നു. 2018-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തതോടെ മെക്സിക്കൻ അതിർത്തി മതിൽ നിർമ്മാണ ഫണ്ടിനെച്ചൊല്ലി സർക്കാരും കോൺഗ്രസും തമ്മിൽ കടുത്ത ഭിന്നത രൂപപ്പെടുകയും 2018 ഡിസംബർ 22 മുതൽ 2019 ജനുവരി 25 വരെ ഗവൺമെന്റ് പ്രവർത്തനം ഭാഗികമായി ഷട്ട്ഡൗൺ ചെയ്തിരുന്നു.
ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ലഭിക്കുന്നത് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം ഡെമോക്രാറ്റുകൾക്ക് നൽകും. ഇത് ട്രംപ് ഭരണകൂടത്തിലെ തീരുമാനങ്ങളെയും ഉദ്യോഗസ്ഥരെയും കുറിച്ച് ശക്തമായ അന്വേഷണങ്ങൾ നടത്താൻ പ്രതിപക്ഷത്തിന് പൂർണ്ണ അധികാരവും നിയമപരമായ ശക്തിയും നൽകും. ഇതിനുമുമ്പ് 2019 ഡിസംബറിൽ അധികാര ദുർവിനിയോഗവും കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റവും ചുമത്തി ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നെങ്കിലും സെനറ്റിൽ തള്ളപ്പെടുകയായിരുന്നു. പുതിയ സഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ വീണ്ടും സമാനമായ നിയമനടപടികളും ഇംപീച്ച്മെന്റ് ഭീഷണികളും ഉയർന്നുവന്നേക്കാം.
Also Read: മുംബൈയിൽ നിന്ന് ടൊറന്റോയിലേക്ക് വിമാനം മാറി കേറാതെ പോകാം; പുതിയ സർവീസുമായി എയർ ഇന്ത്യ
സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്താൽ ഫെഡറൽ ജഡ്ജിമാരുടെ നിയമനം, കാബിനറ്റ് തസ്തികകൾ, ഉയർന്ന ഭരണഘടനാ പദവികൾ എന്നിവയിലേക്കുള്ള ട്രംപിന്റെ നാമനിർദ്ദേശങ്ങൾ തടയാൻ പ്രതിപക്ഷത്തിന് സാധിക്കും. സൂപ്രീം കോടതിയിൽ പുതിയ ഒഴിവുകൾ വന്നാൽ പോലും ട്രംപിന്റെ തീരുമാനങ്ങൾക്ക് തിരിച്ചടിയേൽക്കും. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നിലനിർത്താൻ സാധിച്ചാൽ ഈ മേഖലകളിൽ പ്രതിരോധം തീർക്കാൻ ഭരണകൂടത്തിന് സാധിക്കും. എന്നാൽ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ നിയമനിർമ്മാണം പൂർണ്ണമായും പ്രതിസന്ധിയിലാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




