ഹവായ് : ഓൺലൈൻ ആത്മീയ തട്ടിപ്പിലൂടെ കുടുംബങ്ങൾ തകർത്ത വ്യാജ ആൾദൈവം ലിയാന ശാന്തി എന്ന ലിയാനെ വിത്സന് കനത്ത തിരിച്ചടി. കനേഡിയൻ സ്വദേശികളെ ‘സാത്താൻ സേവകരും കുട്ടികളെ പീഡിപ്പിക്കുന്നവരും’ എന്ന് മുദ്രകുത്തി ഓൺലൈൻ വഴി അപകീർത്തിപ്പെടുത്തിയ കേസിൽ ഹവായ് കോടതി 56 ദശലക്ഷം കനേഡിയൻ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകകളിലൊന്നാണിത്.
സസ്‌കാച്വാൻ സ്വദേശികളായ പോള ഹൈഗാർത്ത്, ബൈറൺ ഹോർവാത്ത്, സ്റ്റെഫാനി ഹോർവാത്ത് എന്നിവരാണ് പരാതിക്കാർ. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് എട്ടംഗ ജൂറി വ്യാജ ആൾദൈവത്തിന്റെ വാദങ്ങൾ തള്ളി പോളയ്ക്കും കുടുംബത്തിനും അനുകൂലമായി വിധി പ്രസ്താവിച്ചത്.
തുടക്കം കുടുംബങ്ങളെ അകറ്റി; തട്ടിയത് കോടികൾ
ഏകദേശം ഒരു ലക്ഷത്തോളം ഓൺലൈൻ വിദ്യാർത്ഥികളുണ്ടെന്ന് അവകാശപ്പെടുന്ന ലിയാന ശാന്തി, സൈക്കിക് (അതീന്ദ്രിയ ശക്തിയുള്ള വ്യക്തി) എന്ന വ്യാജേനയാണ് ആളുകളെ വലയിലാക്കിയിരുന്നത്. കാനഡയിലെ റെജീന മേഖലയിലുള്ള നിരവധി കുടുംബങ്ങൾ ഇവരുടെ കെണിയിൽപ്പെട്ടു. പരാതിക്കാരിയായ പോളയുടെ ഭർത്താവിന്റെ മുൻഭാര്യ അമാൻഡ ബ്രാഡി എട്ട് വർഷത്തോളം ലിയാനയുടെ അനുയായി ആയിരുന്നു.
കുടുംബാംഗങ്ങൾക്ക് മേൽ പോള ‘ആഭിചാരം’ നടത്തുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് അമാൻഡയിൽ നിന്ന് മാത്രം 7,50,000 ഡോളറിലധികം ലിയാന കവർന്നു. അനുയായികളുടെ വ്യക്തിപരമായ വിവരങ്ങളും രഹസ്യങ്ങളും ശേഖരിച്ച് പിന്നീട് ഗ്രൂപ്പ് വിട്ടുപോകുന്നവർക്കെതിരെ ബ്ലാക്ക്‌മെയിലിംഗിനും വ്യാജ പ്രചാരണങ്ങൾക്കും ലിയാന ഇത് ഉപയോഗിക്കുകയായിരുന്നുവെന്ന് യുകെയിലെ കൾട്ട് വിദഗ്ധ കെസി ബേക്കർ വ്യക്തമാക്കുന്നു.
ALSO READ: കാനഡയിൽ നിന്ന് ഈ വർഷം പുറത്താക്കിയത് ഇത്രയും ഇന്ത്യക്കാരെ; വീണ്ടും ചർച്ചയായി കണക്കുകൾ
കോവിഡ് കാലത്തെ പ്ലാൻ, തകർന്ന ജീവിതങ്ങൾ
കോവിഡ് കാലത്ത് കാനഡ അപകടകരമാണെന്നും കുട്ടികളെ രക്ഷിക്കാൻ ഫ്ലോറിഡയിലേക്ക് മാറണമെന്നും ലിയാന അനുയായികളെ വിശ്വസിപ്പിച്ചു. തുടർന്ന് അമേരിക്കയിലേക്ക് പോയ അനുയായികളിൽ ഭൂരിഭാഗവും പിന്നീട് ലിയാനയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ് കാനഡയിലേക്ക് മടങ്ങി. ഇതോടെയാണ് മടങ്ങിപ്പോയവരെയും അവരുടെ ബന്ധുക്കളെയും സാത്താൻ സേവകരെന്നും ദുർഭൂതങ്ങളെന്നും വിളിച്ച് ലിയാന സൈബർ ആക്രമണം തുടങ്ങിയത്.
പോരാട്ടത്തിനായുള്ള നിയമച്ചെലവ് താങ്ങാനാവാതെ പോളയ്ക്കും ഭർത്താവിനും സ്വന്തം വീട് വിറ്റ് ട്രെയിലറിലേക്ക് മാറേണ്ടി വന്നു. കേസിനെതിരെ അപ്പീൽ നൽകുമെന്നാണ് ലിയാന പറയുന്നത്. എന്നാൽ നീതി ലഭിച്ചതിൽ കടുത്ത ആശ്വാസമുണ്ടെന്ന് പോള പ്രതികരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





