ഹാലിഫാക്സ് : സൈബർ തട്ടിപ്പുകാർ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന രീതികളെക്കുറിച്ചും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നതിനെക്കുറിച്ചും മുന്നറിയിപ്പുമായി ഡൽഹൗസി സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് ഡീനും പ്രൊഫസറുമായ നൂർ സിൻസിർ-ഹേവുഡ്. നോവ സ്കോഷ്യയിൽ ഒരു സ്ത്രീയെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ വ്യാജ സന്ദേശം അയച്ച് പോലീസിനെ വീടിന് മുന്നിലെത്തിച്ച ‘സ്വാറ്റിംഗ്’ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദഗ്ദ്ധയുടെ പ്രതികരണം. ഡാറ്റാ ചോർച്ചയിലൂടെയും സോഷ്യൽ മീഡിയയിലെ വിവരങ്ങളിലൂടെയും ആണ് തട്ടിപ്പുകാർ ആളുകളുടെ ഫോൺ നമ്പറുകളും ഇമെയിലുകളും ശേഖരിക്കുന്നത്. നമ്മൾ തിരയുന്ന കാര്യങ്ങൾ, ജീവിക്കുന്ന പ്രദേശം, സാധനങ്ങൾ വാങ്ങുന്ന രീതി, സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും അഭിപ്രായങ്ങളും എന്നിവയെല്ലാം വിശകലനം ചെയ്ത് പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നത്.
അടിയന്തിര സാഹചര്യം സൃഷ്ടിക്കുക, കാര്യങ്ങൾ രഹസ്യമായി വെക്കാൻ ആവശ്യപ്പെടുക എന്നിവയാണ് സോഷ്യൽ എഞ്ചിനീയറിംഗ് തട്ടിപ്പുകളുടെ പ്രധാന രീതികളെന്ന് നൂർ സിൻസിർ-ഹേവുഡ് ചൂണ്ടിക്കാട്ടുന്നു. വ്യാജ സന്ദേശങ്ങളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ഒരു നിമിഷം ആലോചിച്ച് പരിശോധിക്കണം. സോഷ്യൽ മീഡിയയിലെ സ്വകാര്യതാ ക്രമീകരണങ്ങൾ കർശനമാക്കുക, ചിത്രങ്ങളും യാത്രകളുടെ വിവരങ്ങളും അനാവശ്യമായി പങ്കുവെക്കാതിരിക്കുക എന്നിവ ഡാറ്റ ചോർച്ച തടയാൻ സഹായിക്കും. കൂടാതെ, ടൂ-ഫാക്ടർ ഓതന്റിക്കേഷൻ (2FA), പാസ്കീകൾ (Passkeys), ശക്തമായ വാചകങ്ങൾ അടങ്ങിയ പാസ്വേഡുകൾ, ആന്റിവൈറസ് സോഫ്റ്റ്വെയറുകൾ എന്നിവ ഉപയോഗിക്കുന്നത് സുരക്ഷ വർധിപ്പിക്കും.
സാമ്പത്തിക ഇടപാടുകൾക്കായി സജന്യ പൊതു വൈഫൈ ശൃംഖലകൾ ഉപയോഗിക്കരുതെന്നും സാങ്കേതിക വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. സ്വകാര്യതാ നയങ്ങളിൽ വ്യക്തതയില്ലാതെ മൂന്നാം കക്ഷികൾക്ക് വിവരങ്ങൾ കൈമാറുമെന്ന് പറയുന്ന ആപ്പുകളും വെബ്സൈറ്റുകളും ഒഴിവാക്കണം. അക്കൗണ്ടുകൾ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളോ കൃത്യമായ വിലാസമോ നൽകിയിട്ടില്ലാത്ത സർവീസുകൾ വ്യാജമായിരിക്കാൻ സാധ്യത കൂടുതലാണ്. ഇന്റർനെറ്റ് ഉപയോഗത്തിൽ ജാഗ്രത പുലർത്തുന്നതിലൂടെ ഇത്തരം തട്ടിപ്പുകളെ ചെറുക്കാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





