കാൽഗറി : കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ആൽബർട്ട പ്രവിശ്യയിൽ നടന്ന ചരിത്രപരമായ റഫറണ്ടത്തിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നു. രാജ്യത്തിനൊപ്പം തുടരാനാണ് ആൽബർട്ടയിലെ ഭൂരിഭാഗം ജനങ്ങളും വോട്ട് രേഖപ്പെടുത്തിയത്. വേർപിരിയലുമായി ബന്ധപ്പെട്ട് രണ്ടാമതൊരു നിർണായക വോട്ടെടുപ്പ് നടത്തണമെന്ന നിർദേശം 74.9 ശതമാനം വോട്ടർമാരും തള്ളി. വോട്ടെടുപ്പ് നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് ഇലക്ഷൻസ് ആൽബർട്ട ഔദ്യോഗിക കണക്കുകൾ പരസ്യപ്പെടുത്തിയത്.
ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ വോട്ടെടുപ്പിൽ 22 ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. അതായത് 70.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2023-ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിനേക്കാൾ 10 ശതമാനം അധികം പോളിംഗാണ് വേർപിരിയൽ വിഷയത്തിൽ മാത്രം രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പറുകൾ കൈകൊണ്ട് എണ്ണിയതിനാലാണ് ഫലപ്രഖ്യാപനം പൂർത്തിയാകാൻ അഞ്ച് ദിവസത്തോളം വൈകിയത്. കാനഡയുടെ ചരിത്രത്തിൽ കൈകൊണ്ട് എണ്ണിയ ഏറ്റവും വലിയ വോട്ടെടുപ്പുകളിലൊന്നാണിത്.
റഫറണ്ടത്തിൽ ഉൾപ്പെടുത്തിയ 10 ചോദ്യങ്ങളിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട അഞ്ച് വിഷയങ്ങളിൽ നേരിയ പിന്തുണയോടെ നിർദേശങ്ങൾ പാസായി. 51.7 ശതമാനം മുതൽ 58 ശതമാനം വരെ വോട്ടുകൾ നേടാനായെങ്കിലും പ്രീമിയർ ഡാനിയൽ സ്മിത്തിന് പ്രതീക്ഷിച്ചത്ര ശക്തമായ ജനവിധി നേടാനായില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രവിശ്യാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ പൗരത്വ തെളിവ് നിർബന്ധമാക്കണമെന്ന അഞ്ചാമത്തെ ചോദ്യത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ വോട്ട് രേഖപ്പെടുത്തിയത്.
അതേസമയം, ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട മറ്റ് നാല് ചോദ്യങ്ങളും ജനങ്ങൾ തള്ളി. 42.4 മുതൽ 47.2 ശതമാനം വരെ ആളുകൾ മാത്രമാണ് ഇതിന് അനുകൂലമായി വോട്ട് ചെയ്തത്. വോട്ടെടുപ്പ് ഫലം പ്രീമിയർ ഡാനിയൽ സ്മിത്തിന്റെ സർക്കാരിന് വലിയ തിരിച്ചടിയാണെന്നും ഓട്ടവയിലെ കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലിന് ഇറങ്ങാനിരുന്ന പ്രവിശ്യാ ഭരണകൂടത്തിന് ജനവിധി മങ്ങലേൽപ്പിച്ചെന്നും മൗണ്ട് റോയൽ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയന്റിസ്റ്റ് ലോറി വില്യംസ് ചൂണ്ടിക്കാട്ടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





