ഇംഗ്ലണ്ട്: ചിലന്തിയുടെ കടിയേറ്റതിനെത്തുടർന്നുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 73കാരന് 18 ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂൾ സ്വദേശിയായ ഗ്ലെൻ പ്രീസ്റ്റ്ലിയുടെ ഇടതുകാലാണ് അസാധാരണമായി വീർത്തത്. നോബിൾ ഫാൾസ് വിഡോ ഇനത്തിൽപ്പെട്ട ചിലന്തിയുടെ കടിയേറ്റതാകാം അണുബാധയ്ക്ക് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
അമ്മയെ പരിചരിക്കുന്നതിനിടെ പുതപ്പിനടിയിൽ കണ്ട ചെറിയ ജീവിയുടെ കടിയേറ്റതാണെന്നാണ് പ്രീസ്റ്റ്ലി കരുതുന്നത്. ആദ്യം ചെറിയ കുത്തേറ്റതുപോലുള്ള അനുഭവം മാത്രമാണുണ്ടായിരുന്നത്. എന്നാൽ അടുത്ത ദിവസം കാലിൽ വീക്കം രൂക്ഷമാവുകയും നടക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തു. പിന്നീട് കാലിന്റെ ചുറ്റളവ് ഏകദേശം 15 ഇഞ്ചിലെത്തി.
ALSO READ: പാർക്ക്സ് കാനഡയിൽ 500 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ നീക്കം; ന്യൂഫൗണ്ടൻലാൻഡിൽ 142 പേർക്ക് നോട്ടീസ്
രക്തപരിശോധനയിൽ അണുബാധയുടെ സൂചകങ്ങൾ അപകടകരമായ നിലയിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എംആർഐ, സിടി സ്കാൻ, എക്സ്റേ എന്നിവ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. കടുത്ത വീക്കമാണ് കാലിന്റെ വലുപ്പം വർധിക്കാൻ കാരണമായത്.
‘ഗുഡ് മോണിങ് ബ്രിട്ടൻ’ പരിപാടിയിൽ സംസാരിക്കവേ, കാലിലെ വീക്കം വലിയ തണ്ണിമത്തന്റെ വലുപ്പത്തിലെത്തിയെന്ന് പ്രീസ്റ്റ്ലി പറഞ്ഞു. വേദന അത്രമേൽ രൂക്ഷമായതിനാൽ കാൽ താഴെ വയ്ക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ജീവിതത്തിൽ അനുഭവിച്ചതിൽ ഏറ്റവും കഠിനമായ വേദനയായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ചിലന്തിയുടെ കടിയേറ്റതായി സംശയിക്കുന്നവർക്ക് കടുത്ത വേദന അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും പ്രീസ്റ്റ്ലി മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





