മോസ്കോ: റഷ്യയുടെ സ്വന്തം സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയായ റസ്സ്വെറ്റ് വികസിപ്പിക്കുന്നതിനിടെ സ്പേസ് എക്സ് മേധാവി എലോൺ മസ്കിനെ പ്രശംസിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സ്റ്റാർലിങ്കിലൂടെ ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച മസ്ക് ‘യഥാർഥ ജീനിയസ്’ ആണെന്നും ഈ രംഗത്ത് റഷ്യ ഇപ്പോൾ തുടക്കത്തിലാണെന്നും പുടിൻ പറഞ്ഞു.
റഷ്യൻ കമ്പനിയായ ബ്യൂറോ 1440 ആണ് റസ്സ്വെറ്റ് പദ്ധതി വികസിപ്പിക്കുന്നത്. ഭൂമിയോട് അടുത്ത് സഞ്ചരിക്കുന്ന ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്വന്തം നിലയിൽ പദ്ധതി ആരംഭിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പുടിൻ വ്യക്തമാക്കി.
ALSO READ: നയാഗ്ര ഫാൾസ് വിദ്യാർഥികൾക്ക് 1 മില്യൺ സ്കോളർഷിപ്പ്; സേ യെസും നയാഗ്ര സർവകലാശാലയും കൈകോർക്കുന്നു
അമേരിക്കയുമായി രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ബഹിരാകാശ മേഖലയിൽ സഹകരണം തുടരുന്നുണ്ടെന്ന് പുടിൻ പറഞ്ഞു. ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ പരസ്പരം തടസ്സമുണ്ടാക്കാതിരിക്കാനും നിയമങ്ങൾ പാലിക്കാനും അമേരിക്കൻ പങ്കാളികളുമായും മസ്കുമായും ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉക്രെയ്ൻ യുദ്ധത്തിൽ സ്റ്റാർലിങ്കിന്റെ ഉപയോഗം നേരത്തേ വിവാദമായിരുന്നു. യുദ്ധമേഖലയിൽ ആശയവിനിമയത്തിന് ഉക്രെയ്ൻ ഈ സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. സൈനിക ആവശ്യങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും സ്റ്റാർലിങ്ക് ഉപയോഗിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. ഇത്തരം ഉപയോഗങ്ങൾ സേവന നിബന്ധനകൾക്ക് വിരുദ്ധമാണെന്ന് മസ്ക് പറഞ്ഞപ്പോൾ ഉക്രെയ്ൻ ഇത് നിഷേധിച്ചു.
സ്റ്റാർലിങ്കിനോട് മത്സരിക്കാൻ റഷ്യയ്ക്ക് കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയും സേവനശൃംഖല വികസിപ്പിക്കുകയും വേണം. റസ്സ്വെറ്റ് പദ്ധതിയിലൂടെ ഈ രംഗത്ത് സ്വന്തം സംവിധാനം വളർത്തിയെടുക്കാനാണ് റഷ്യയുടെ ശ്രമം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





