ലാസ്വേഗസ്: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് യാത്രക്കാരൻ സന്ദേശം അയച്ചതിനെത്തുടർന്ന് യുണൈറ്റഡ് എയർലൈൻസ് വിമാനം ലാസ്വേഗസിലേക്ക് തിരിച്ചിറക്കി. ലാസ്വേഗസിൽനിന്ന് ന്യൂജേഴ്സിയിലേക്ക് പുറപ്പെട്ട ബോയിങ് 737 വിമാനമാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് തിരിച്ചിറക്കിയത്. സംഭവത്തിൽ 25കാരനായ ഡാന്റെ മിൽനെയെ (Dante Milne) അറസ്റ്റ് ചെയ്തു.
ഒക്ടോബർ 24-നായിരുന്നു സംഭവം. വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റ് യാത്രക്കാരന്റെ ഫോണിലെ ഭീഷണി സന്ദേശം ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിവരം ജീവനക്കാർ അറിഞ്ഞത്. വിമാനം ഹൈജാക്ക് ചെയ്യാൻ പോകുകയാണെന്നായിരുന്നു സന്ദേശം. തുടർന്ന് വിവരം പൈലറ്റിനെ അറിയിക്കുകയും വിമാനം ലാസ്വേഗസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയുമായിരുന്നു.
ALSO READ: സാങ്കേതിക തകരാറിന്റെ പേരിൽ തട്ടിപ്പ്! യാത്രക്കാരെ വഞ്ചിച്ച് എയർ കാനഡ: വൻ വിവാദം പുറത്ത്
വിമാനത്തിൽ 150 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഡാന്റെ മിൽനെയെ അറസ്റ്റ് ചെയ്തു. ഇയാളെ ക്ലാർക്ക് കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.
ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാജവിവരം നൽകിയതിനും ഭീഷണി മുഴക്കിയതിനുമാണ് ഇയാൾക്കെതിരെ ഫെഡറൽ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





