ദുബായ്: 888.88 കാരറ്റ് ഭാരമുള്ള അപൂർവ കറുത്ത വജ്രമായ ‘ഇൻഫിനിറ്റി’യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ദുബായിൽ നടന്ന ഡയമണ്ട് കോൺഫറൻസ് 2026-ൽ ആദ്യമായി പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച വജ്രത്തിന്റെ ചിത്രങ്ങളും പ്രത്യേകതകളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ബെൽജിയം ആസ്ഥാനമായ ഡയമണ്ട് ട്രേഡിംഗ് എൻ.വി.യുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വജ്രം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. 1975-ൽ ഡീ ബിയേഴ്സിനായി ആൻഡ്രൂ കോക്സൺ ഈ വജ്രം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ. അന്ന് ഏകദേശം 1,138 കാരറ്റ് ഭാരമുണ്ടായിരുന്ന കല്ല് 2022-നും 2024-നും ഇടയിൽ മുറിച്ച് മിനുക്കിയാണ് ഇപ്പോഴത്തെ രൂപത്തിലാക്കിയത്.
ALSO READ: 1000 രൂപയുടെ നോട്ട് തിരിച്ചുവരുന്നില്ല; വൈറൽ പ്രചാരണം വ്യാജമെന്ന് പി.ഐ.ബി
കറുത്ത വജ്രങ്ങളുടെ പ്രത്യേകത അവയുടെ നിറത്തിലും ഘടനയിലുമാണ്. സാധാരണ വജ്രങ്ങളെപ്പോലെ നിറം, വ്യക്തത തുടങ്ങിയ മാനദണ്ഡങ്ങൾ ഉപയോഗിച്ചല്ല ഇവയെ തരംതിരിക്കുന്നത്. ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ (GIA) വർഗീകരണപ്രകാരം ഇവയെ ‘ഫാൻസി ബ്ലാക്ക്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്.
വജ്രത്തെ ദുബായിലെത്തിക്കുന്നതിനുള്ള സുരക്ഷാ ചുമതല വഹിച്ചത് സെക്യൂരിറ്റി ആൻഡ് ക്യാഷ് മാനേജ്മെന്റ് കമ്പനിയായ ബ്രിങ്ക്സാണ്. അപൂർവമായ വലുപ്പവും കറുത്ത നിറവും ചരിത്രവുമാണ് ‘ഇൻഫിനിറ്റി’യെ ശ്രദ്ധേയമാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





