ഒന്റാരിയോ; കാനഡയുടെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനമായ 9 കോടി ഡോളറിന്റെ ‘ലോട്ടോ മാക്സ്’ ജാക്ക്‌പോട്ട് സ്വന്തമാക്കാൻ ജനങ്ങളുടെ വൻ തിരക്ക്. ചൊവ്വാഴ്ചത്തെ 8.5 കോടി ഡോളറിന്റെ നറുക്കെടുപ്പിൽ ആർക്കും സമ്മാനം ലഭിക്കാതെ വന്നതോടെയാണ് വെള്ളിയാഴ്ച തുക റെക്കോർഡിലെത്തിയത്. ഒന്റാറിയോയിലെ പിക്കറിംഗിലുള്ള ഒരു കടയ്ക്ക് മുന്നിൽ ടിക്കറ്റ് എടുക്കാൻ ആളുകൾ മണിക്കൂറുകളോളം വരിനിൽക്കുകയാണ്.
ലോട്ടറിയടിച്ചാൽ ലക്ഷ്യങ്ങൾ പലതാണ്. പൂച്ചകൾക്കായി വലിയ വീടും, അമ്മയ്ക്കൊരു ഭവനവും, കാറുകളും വാങ്ങാനാണ് ചിലരുടെ ആഗ്രഹം. ചാരിറ്റിക്കായി പണം നൽകാനും ലോകം ചുറ്റിക്കാണാനും മറ്റു ചിലർ ആഗ്രഹിക്കുന്നു. 3.3 കോടിയിൽ ഒരാൾക്ക് മാത്രമാണ് ഈ സമ്മാനം ലഭിക്കാൻ സാധ്യതയുള്ളത്.

എന്നാൽ ഇത്രയും വലിയ തുക ലഭിക്കുന്നത് വലിയ മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പെട്ടെന്ന് പണം കയ്യിലെത്തുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും സഹായം അഭ്യർത്ഥിച്ച് എത്തിയേക്കാം. അതിനാൽ പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ വേണമെന്നും, തുക സുരക്ഷിതമായി നിക്ഷേപിച്ച് വരുമാനം കണ്ടെത്താമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. മുൻകാലങ്ങളിൽ ഇത്തരം വലിയ സമ്മാനങ്ങളിൽ പലതും അവകാശികളില്ലാതെ നഷ്ടപ്പെട്ടിട്ടുമുണ്ട്. നല്ല മനസ്സുള്ള ആർക്കെങ്കിലും ഈ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി പ്രേമികൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





