ഓട്ടവ: കാനഡയുടെ സാമ്പത്തിക വളർച്ച ശക്തമാക്കുന്നതിനും വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനുമായി ജനപ്രിയ കുടിയേറ്റ പദ്ധതിയായ ‘എക്സ്പ്രസ് എൻട്രി’യിൽ സമഗ്രമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് കാനഡ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെജ് ദിയാബ്. സാമ്പത്തിക തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ മുൻനിർത്തി സമഗ്ര റാങ്കിംഗ് സിസ്റ്റത്തിൽ (CRS) വരുത്തിയ ഈ പുതിയ മാറ്റങ്ങൾ 2026 നവംബർ 3 മുതൽ പ്രാബല്യത്തിൽ വരും.
തൊഴിലുടമകൾക്കും ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) നിബന്ധന പൂർണ്ണമായും ഒഴിവാക്കിയതാണ്. നവംബർ 3 മുതൽ യോഗ്യതയുള്ള ജോബ് ഓഫറുകൾക്ക് ബോണസ് പോയിന്റുകൾ ലഭിക്കുന്നതിനോ, ഫെഡറൽ സ്കിൽഡ് വർക്കർ (FSWP), ഫെഡറൽ സ്കിൽഡ് ട്രേഡ്സ് (FSTP) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനോ ഇനി LMIA നിർബന്ധമില്ല. എങ്കിലും തട്ടിപ്പുകൾ തടയുന്നതിനായി അപേക്ഷകരുടെ ജോബ് ഓഫറുകൾ യഥാർത്ഥമാണോയെന്ന് ഇമിഗ്രേഷൻ വകുപ്പ് (IRCC) നേരിട്ട് കർശന പരിശോധന നടത്തും.
പുതിയ നിയമപ്രകാരം കാനഡയിൽ എഞ്ചിനീയർമാർ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയ ഉയർന്ന ശമ്പളമുള്ള മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും അത്തരം ജോബ് ഓഫറുകൾ കൈവശമുള്ളവർക്കും വലിയ തോതിൽ അധിക റാങ്കിംഗ് പോയിന്റുകൾ ലഭിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ കാനഡയിൽ TEER 0, 1, 2, 3 കാറ്റഗറിയിൽ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്കാണ് ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ അധിക പോയിന്റ് നൽകുന്നത്. ശരാശരി വേതനത്തിന്റെ (Median Wage) രണ്ട് ഇരട്ടിയോ അതിൽ കൂടുതലോ ശമ്പളം വാങ്ങുന്നവർക്ക് 70 പോയിന്റും, 1.5 ഇരട്ടി ശമ്പളമുള്ളവർക്ക് 40 പോയിന്റും, 1.3 ഇരട്ടി ശമ്പളമുള്ളവർക്ക് 20 പോയിന്റും അധികമായി ലഭിക്കും. പ്രവൃത്തിപരിചയ കാലയളവ് അനുസരിച്ച് ലഭിക്കുന്ന പരമാവധി 80 പോയിന്റുകൾക്ക് പുറമേയാണിത്. ഇതോടെ പ്രവൃത്തിപരിചയത്തിൽ നിന്ന് മാത്രം അപേക്ഷകർക്ക് പരമാവധി 150 പോയിന്റ് വരെ സ്വന്തമാക്കാം. അല്ലാത്തവർക്ക് മുൻപത്തെപ്പോലെ കാലയളവ് അനുസരിച്ചുള്ള പോയിന്റുകൾ തുടർന്നും ലഭിക്കും.
ഇതിന് പുറമേ ഉയർന്ന ശമ്പളമുള്ള ജോബ് ഓഫറുകൾ ഉള്ളവർക്കും പ്രത്യേക ബോണസ് പോയിന്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശരാശരി വേതനത്തിന്റെ രണ്ട് ഇരട്ടി ശമ്പളമുള്ള ജോബ് ഓഫറിന് 100 പോയിന്റും, 1.5 ഇരട്ടി ശമ്പളമുള്ള ഓഫറിന് 70 പോയിന്റും, 1.3 ഇരട്ടി ശമ്പളമുള്ളതിന് 50 പോയിന്റുമാണ് ലഭിക്കുക. എന്നാൽ ഒരു അപേക്ഷകന് കനേഡിയൻ തൊഴിൽ പരിചയത്തിനുള്ള അധിക പോയിന്റോ അല്ലെങ്കിൽ ജോബ് ഓഫറിനുള്ള പോയിന്റോ ഇതിൽ ഏതാണോ കൂടുതൽ ഉയർന്നത് അത് മാത്രമേ ലഭിക്കൂ, ഇവ രണ്ടും കൂടി ഒരുമിച്ച് കൂട്ടിച്ചേർക്കില്ല. ഈ ഘടകങ്ങൾക്ക് കീഴിൽ കൂടെ പങ്കാളിയില്ലാത്ത അപേക്ഷകർക്ക് പരമാവധി 150 പോയിന്റും പങ്കാളിയുള്ളവർക്ക് 140 പോയിന്റുമാണ് ലഭിക്കുക.
Also Read: അപേക്ഷകർക്ക് ആശ്വാസം: കാനഡ LMIA പ്രൊസസിംഗ് സമയം കുറഞ്ഞു
നിലവിൽ എക്സ്പ്രസ് എൻട്രി പൂളിലുള്ള ഉദ്യോഗാർത്ഥികളുടെ പ്രവൃത്തിപരിചയ പോയിന്റുകൾ സിസ്റ്റം സ്വയം അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. എന്നാൽ പുതിയ ജോബ് ഓഫർ ക്ലെയിം ചെയ്ത് പോയിന്റുകൾ നേടാൻ ആഗ്രഹിക്കുന്നവർ നവംബർ 3-ന് മുൻപായി തങ്ങളുടെ വിവരങ്ങൾ എക്സ്പ്രസ് എൻട്രി പ്രൊഫൈലിൽ നൽകേണ്ടതുണ്ട്. പുതിയ സിസ്റ്റത്തിലേക്ക് മാറുന്നതിന്റെയും പ്രൊഫൈലുകൾ പുനഃപരിശോധിക്കുന്നതിന്റെയും ഭാഗമായി കാനഡ രണ്ട് ആഴ്ചത്തേക്ക് പുതിയ ഇമിഗ്രേഷൻ ഡ്രോകൾ താത്കാലികമായി നിർത്തിവെക്കുമെന്നും മന്ത്രി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





