ഓട്ടവ: മാർഖാം മേളയിൽ മത്സരിച്ച് ഒന്നാം സമ്മാനം നേടിയ ‘Biscuit’ എന്ന വളർത്തുമുയലിനെ കാണാതായി. ഹോളണ്ട് ലോപ് വിഭാഗത്തിൽപ്പെട്ട വെളുത്ത മുയലിനെ ആരെങ്കിലും മോഷ്ടിച്ചതാകാമെന്നാണ് ഉടമസ്ഥരായ കുടുംബത്തിന്റെയും മേള സംഘാടകരുടെയും സംശയം. പത്തുവയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ പ്രിയപ്പെട്ട വളർത്തുമൃഗമായിരുന്നു ബിസ്കറ്റ്.

കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന മാർഖാം മേളയിലാണ് പെൺകുട്ടി തന്റെ പ്രിയപ്പെട്ട മുയലിനെ പ്രദർശന മത്സരത്തിനായി എത്തിച്ചത്. മത്സരത്തിൽ ബിസ്കറ്റ് ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. എന്നാൽ, ഞായറാഴ്ച മുയലിനെ തിരികെ കൊണ്ടുപോകാനായി എത്തിയപ്പോഴാണ് കൂടിൽ നിന്ന് ബിസ്കറ്റിനെ കാണാതായ വിവരം കുടുംബം അറിയുന്നത്.
സംഭവത്തിൽ കുടുംബം കടുത്ത മനോവിഷമത്തിലാണ്. മുയൽ തങ്ങൾക്ക് വെറുമൊരു വളർത്തുമൃഗമല്ലെന്നും കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്നുവെന്നും ഉടമയായ വിക്ടോറിയ മക്ലെല്ലാൻഡ് പറഞ്ഞു. കുട്ടികളുടെ, പ്രത്യേകിച്ച് തന്റെ മകളുടെ, ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു ബിസ്കറ്റെന്നും അവർ കൂട്ടിച്ചേർത്തു. മുയൽ തനിയെ ചാടിപ്പോയതല്ലെന്നും ആരെങ്കിലും മനഃപൂർവം എടുത്തുകൊണ്ടുപോയതാണെന്നുമാണ് സംഘാടകരുടെ വിലയിരുത്തൽ.
ALSO READ: കോംഗോയിൽ നിന്ന് എത്തിയ കെനിയൻ പൗരൻ എബോള ബാധിച്ച് മരിച്ചു: 28 പേർ നിരീക്ഷണത്തിൽ
മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് കൂട് ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മുയൽ ചാടിപ്പോയിരുന്നെങ്കിൽ കൂടിന്റെ വാതിൽ തുറന്നുകിടക്കുമായിരുന്നുവെന്നും, എന്നാൽ വാതിൽ പുറത്തുനിന്ന് ഭദ്രമായി പൂട്ടിയ നിലയിലായിരുന്നുവെന്നും മാർഖാം മേള പ്രസിഡന്റ് ഡെവിൻ കിംഗ് പറഞ്ഞു. 182 വർഷത്തെ പാരമ്പര്യമുള്ള മാർഖാം മേളയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണ്. സംഭവത്തിൽ മേള അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യോർക്ക് റീജിയണൽ പൊലീസ് പ്രോപ്പർട്ടി ക്രൈം യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മുയലിനെ സുരക്ഷിതമായി തിരികെ ലഭിക്കണമെന്നതാണ് കുടുംബത്തിന്റെ ഏക ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




