ഓട്ടവ: കാനഡയുടെ എക്സ്പ്രസ് എൻട്രി കുടിയേറ്റ പദ്ധതിയിൽ 2026 ഒക്ടോബർ മാസത്തിൽ പുതിയ നറുക്കെടുപ്പ് ഘട്ടങ്ങൾ ആരംഭിക്കുന്നു. ഈ വർഷം ഇതുവരെ 1,35,000-ത്തിലധികം അപേക്ഷകർക്ക് സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻസ് നൽകിക്കഴിഞ്ഞു. ഒക്ടോബർ 12-ന് ആരംഭിക്കുന്ന ആഴ്ചയിൽ അടുത്ത ഘട്ട നറുക്കെടുപ്പുകൾ നടക്കുമെന്നാണ് ഇമിഗ്രേഷൻ വകുപ്പിൽ നിന്നുള്ള സൂചനകൾ. അപേക്ഷകർക്ക് ആവശ്യമായ യോഗ്യതാ സ്കോറുകളിൽ (CRS) ചെറിയ കുറവ് വരുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഈ വർഷം ഒക്ടോബർ ഒന്നു വരെയുള്ള കണക്കുകൾ പ്രകാരം 59 നറുക്കെടുപ്പുകളിലായി 1,35,215 ഇൻവിറ്റേഷൻസാണ് IRCC നൽകിയത്. കഴിഞ്ഞ മൂന്ന് വർഷത്തെ ആകെ കണക്കുകളേക്കാൾ കൂടുതലാണിത്. 2025-ൽ ആകെ 1,13,998 ഇൻവിറ്റേഷൻസും 2024-ൽ 98,903 ഇൻവിറ്റേഷൻസുമാണ് നൽകിയിരുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് അപേക്ഷകൾ വേഗത്തിൽ സ്വീകരിക്കുന്ന രീതിയാണ് നിലവിൽ തുടരുന്നത്.
വിവിധ മേഖലകളിലെ അപേക്ഷകർക്ക് ആവശ്യമായ സ്കോറുകളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കനേഡിയൻ പ്രവൃത്തിപരിചയമുള്ള വിഭാഗത്തിൽ (CEC) സ്കോർ 515 മുതൽ 520 വരെയാകാൻ സാധ്യതയുണ്ട്. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൽ (PNP) 710 മുതൽ 750 വരെയും, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്ക് 385 മുതൽ 410 വരെയുമാണ് പ്രതീക്ഷിക്കുന്ന സ്കോർ. ആരോഗ്യമേഖലയിലും നിർമ്മാണ മേഖലയിലും (Trades) ഉള്ളവർക്ക് 465 മുതൽ 480 വരെയുള്ള സ്കോറുകളിൽ അവസരം ലഭിച്ചേക്കാം.
സാധാരണയായി രണ്ടാഴ്ച കൂടുമ്പോഴാണ് പുതിയ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. ഓരോ ഘട്ടവും പ്രൊവിൻഷ്യൽ നോമിനി നറുക്കെടുപ്പോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് കനേഡിയൻ പ്രവൃത്തിപരിചയമുള്ളവരുടെ റൗണ്ടും തൊഴിൽ മേഖല അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പും നടക്കും. ഒക്ടോബറിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കും ആരോഗ്യ-നിർമ്മാണ മേഖലകളിലുള്ളവർക്കും പ്രത്യേക പരിഗണന ലഭിക്കാൻ സാധ്യതയുണ്ട്.
2026-ൽ ഇതുവരെ നൽകിയ ആകെ ഇൻവിറ്റേഷൻസുകളിൽ 40.9 ശതമാനവും കനേഡിയൻ പ്രവൃത്തിപരിചയമുള്ളവർക്കാണ് ലഭിച്ചത്. ഫ്രഞ്ച് ഭാഷ അറിയാവുന്നവർക്ക് 37.3 ശതമാനം ഇൻവിറ്റേഷൻസ് ലഭിച്ചു. ആരോഗ്യ മേഖലയിലുള്ളവർക്ക് 8.5 ശതമാനവും പ്രൊവിൻഷ്യൽ നോമിനി വഴിയുള്ളവർക്ക് 6.9 ശതമാനവും വിഹിതം ലഭിച്ചു. സാങ്കേതിക മേഖലയിലും മറ്റ് വിദഗ്ധ തൊഴിലുകളിലുമുള്ളവർക്കാണ് ബാക്കി അവസരങ്ങൾ ലഭിച്ചത്.
Also Read: കുടിയേറ്റ നയം മാറുമോ? ഫെഡറൽ സർക്കാരിന്റെ ‘ 2027-2029 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ’ ഉടൻ
നവംബർ മാസത്തിൽ പുതിയ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ പ്രഖ്യാപിക്കാൻ കാനഡ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തേക്കുള്ള കുടിയേറ്റ ലക്ഷ്യങ്ങൾ ഇതിലൂടെ വ്യക്തമാകും. രാജ്യത്തെ ജനസംഖ്യാ വളർച്ച ക്രമീകരിക്കുന്നതിനൊപ്പം സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ സ്വീകരിക്കുന്ന നയമാകും തുടരുക. ഒക്ടോബർ അവസാനത്തോടെ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





