വാഷിംഗ്ടൺ: ചന്ദ്രന് പിന്നിൽ വ്യാഴം ഗ്രഹം മറയുന്ന അപൂർവ്വ സംഭവം നാളെ നടക്കും. അന്താരാഷ്ട്ര വാനനിരീക്ഷണ സംഘടനയായ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി (Royal Astronomical Society) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ശാസ്ത്രലോകത്ത് ‘ലൂണാർ ഒക്കൽട്ടേഷൻ ഓഫ് ജുപ്പിറ്റർ’ എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തിൽ, ചന്ദ്രൻ വ്യാഴത്തിന് നേരെ മുന്നിലൂടെ കടന്നുപോവുകയും ഗ്രഹത്തെ കുറച്ചുസമയത്തേക്ക് മറയ്ക്കുകയും ചെയ്യും.
നോർത്ത് അമേരിക്കൻ സമയം അനുസരിച്ച് നാളെ പുലർച്ചെ 3:00 നും 5:30 നും ഇടയിലാണ് ഇത് നടക്കുന്നത്. വ്യാഴം പൂർണ്ണമായി ചന്ദ്രന് പിന്നിലേക്ക് മറയാൻ ഒരു മിനിറ്റോളം സമയമെടുക്കും. തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം വ്യാഴം ചന്ദ്രന്റെ മറവിൽ തുടരും. അതിനുശേഷം ചന്ദ്രന്റെ മറുഭാഗത്തുകൂടി ഗ്രഹം വീണ്ടും സാവധാനം പുറത്തുവരും.
യു.എസ്.എ, കാനഡ, മെക്സിക്കോ തുടങ്ങിയ നോർത്ത് അമേരിക്കൻ രാജ്യങ്ങളിലാണ് നാളെ ഈ കാഴ്ച കാണാൻ കഴിയുക. കാലാവസ്ഥ അനുകൂലമാണെങ്കിൽ കണ്ണുകൊണ്ടോ ബൈനോക്കുലറുകൾ ഉപയോഗിച്ചോ ഇത് കാണാമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
എന്നാൽ ഇന്ത്യയിൽ ഉച്ചസമയത്തായതിനാലും സ്ഥാനവ്യത്യാസം ഉള്ളതിനാലും ഇത് നേരിട്ട് കാണാൻ കഴിയില്ല. എങ്കിലും നാസയുടെ (NASA) ലൈവ് സ്ട്രീമിംഗ് വഴി തത്സമയം കാണാനാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





