ഹോ ചി മിൻ സിറ്റി: വിയറ്റ്നാമിലെ സൈഗണിലുള്ള ഒരു 7-ഇലവൻ കടയിൽ വെച്ച് കനേഡിയൻ ലൈവ് സ്ട്രീമക്ക് നേരെ മർദ്ദനം. ‘JohnWhatsGoingOn’ എന്ന പേരിൽ യൂട്യൂബിൽ അറിയപ്പെടുന്ന ഇയാൾ ഫോണിലൂടെ തത്സമയ ലൈവ് വീഡിയോ നടത്തുന്നതിനിടെയാണ് ഇന്ത്യൻ വംശജനായ യുവാവുമായി തർക്കമുണ്ടാകുകയും മുഖത്തടിയേൽക്കുകയും ചെയ്തത്.
തങ്ങളോട് ചോദിക്കാതെ വീഡിയോ പകർത്തിയത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കടയ്ക്കുള്ളിൽ വെച്ച് ക്യാമറ തങ്ങൾക്ക് നേരെ തിരിച്ച് വീഡിയോ എടുത്തപ്പോൾ, അത് മാറ്റിവെക്കാൻ യുവാക്കൾ ആവശ്യപ്പെട്ടു. എന്നാൽ വീഡിയോ എടുക്കുന്നത് നിർത്താൻ തയ്യാറാകാതിരുന്ന ലൈ, യുവാക്കളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തർക്കം കടുത്തതോടെ ലൈ ദേഷ്യം പിടിപ്പിക്കുന്ന രീതിയിൽ സംസാരിച്ചതായി വീഡിയോയിൽ കാണാം. “ഇത് ന്യൂഡൽഹിയല്ല” എന്ന് ലൈ പറയുന്നത് കേൾക്കാം. കൂടുതൽ ആളുകൾ കാണാൻ വേണ്ടി മനപ്പൂർവം പ്രശ്നമുണ്ടാക്കുകയാണെന്ന് ആരോപിച്ച യുവാക്കൾ, ലൈയോട് കടയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ക്യാമറ മാറ്റിവെക്കാൻ വീണ്ടും പറയുകയും ചെയ്തു.
പിന്നീട് കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവ് വന്ന് ലൈയുടെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ ശേഷവും ലൈ വീഡിയോ എടുക്കുന്നത് തുടരുകയും കടയിൽ നിന്ന് പുറത്തേക്ക് പോവുകയും ചെയ്തു. അടിക്ക് മുൻപ് 20 മിനിറ്റോളം ലൈ ഇവരെ ശല്യപ്പെടുത്തിയെന്നും ചില അധിക്ഷേപ വാക്കുകൾ പറഞ്ഞെന്നും പ്രചാരണമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.
വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ പലവിധ അഭിപ്രായങ്ങളാണ് വരുന്നത്. മറ്റുള്ളവരുടെ അനുവാദമില്ലാതെ വീഡിയോ എടുത്ത സ്ട്രീമറുടെ പെരുമാറ്റത്തെ ചിലർ വിമർശിച്ചു. അതേസമയം, സ്ട്രീമറുടെ പെരുമാറ്റം മോശമായിരുന്നെങ്കിലും തല്ലിയത് ശരിയായില്ലെന്നാണ് മറ്റുള്ളവർ പറയുന്നത്.
Also Read: മെഡിക്കൽ വിമാനാപകടം: തിരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ് ഗാർഡ്; ആറുപേരും മരിച്ചതായി വിമാനക്കമ്പനി
സംഭവം പുറത്തുവന്നതോടെ പൊതുസ്ഥലങ്ങളിൽ അപരിചിതരായ ആളുകളെ ഉൾപ്പെടുത്തി ലൈവ് വീഡിയോ എടുക്കുന്ന രീതി വലിയ ചർച്ചയായിരിക്കുകയാണ്. ഇത്തരം രീതികളുടെ സുരക്ഷയും ശരിതെറ്റുകളും സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





