വാഷിങ്ടൺ : കൃത്രിമ ബുദ്ധി അഥവാ എഐ രംഗത്തെ നയങ്ങൾ നിരീക്ഷിക്കാനായി പുതിയ സമിതിക്ക് രൂപം നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘സൂപ്പർ ഇന്റലിജൻസ് ഫോഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ടാസ്ക് ഫോഴ്സിന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജേ ക്ലേറ്റൺ നേതൃത്വം നൽകും. സാങ്കേതികവിദ്യയുടെ വികസനത്തിൽ അമേരിക്കയുടെ മുൻകൈ ഉറപ്പാക്കാനും പൊതുജനങ്ങളുമായുള്ള സർക്കാരിന്റെ ഇടപെടലുകൾ ഏകോപിപ്പിക്കാനുമാണ് സമിതി ലക്ഷ്യമിടുന്നത്.
ഫെഡറൽ ട്രേഡ് കമ്മീഷൻ ചെയർമാൻ ആൻഡ്രൂ ഫെർഗൂസൻ, റിസർച്ച് ആൻഡ് എൻജിനീയറിങ് വിഭാഗം അണ്ടർ സെക്രട്ടറി എമിൽ മൈക്കൽ എന്നിവരും സമിതിയിലുണ്ട്. പഴ്സണൽ മാനേജ്മെന്റ് ഓഫീസ് ഡയറക്ടർ സ്കോട്ട് കുപോറിനെയും അംഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ടാസ്ക് ഫോഴ്സ് നേരിട്ട് പ്രസിഡന്റിനും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വെയ്സിനും റിപ്പോർട്ട് ചെയ്യുമെന്ന് ട്രംപ് ഞായറാഴ്ച വ്യക്തമാക്കി.
എഐ സുരക്ഷ നിരീക്ഷിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഒരു ബോർഡ് രൂപീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സമിതിയുടെ രൂപീകരണം. എഐ കമ്പനികൾ സ്വയം നിയന്ത്രിക്കണമെന്ന നിലപാടിലായിരുന്നു ട്രംപ് ഇതുവരെ. എന്നാൽ ഒപ്പൻഎഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ കമ്പനികളുടെ തലവൻമാർ കർശന നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് പുതിയ നീക്കം.
സെപ്റ്റംബർ 29-ന് ഒപ്പൻഎഐ, ആന്ത്രോപിക്, സ്പേസ്എക്സ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ കമ്പനികളുടെ മേധാവികൾ എഐ നിയന്ത്രണവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഇതിനുപുറമെ, എഐ എന്ന വാക്ക് സാങ്കേതികവിദ്യയെ വ്യാജമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, അത് ‘സൂപ്പർ ഇന്റലിജൻസ്’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ടുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിരുന്നു.
പുതിയ പേര് കൂടുതൽ വിപുലമായ സംവിധാനങ്ങളെ സൂചിപ്പിക്കുന്നതിനാൽ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും പ്രമുഖ കോടീശ്വരൻ ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവർ ഇതിനകം ഈ പേര് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. സ്പേസ്എക്സിന്റെ എഐ പ്ലാറ്റ്ഫോമിനെ ‘സ്പേസ്എക്സ്എസ്ഐ’ എന്ന് പുനർനാമകരണം ചെയ്യുന്നതായി മസ്ക് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് പഠിക്കുന്ന സമിതിയിൽ മസ്കിനെയും അടുത്തിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





