ദുബായ് : ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിലെ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. ടെൽ അവീവിലെ വിമാനത്താവളത്തിലോ അല്ലെങ്കിൽ ലാൻഡിംഗ് അനുമതി നേടിയ ശേഷം മറ്റൊരു വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ വിമാനം ഇടിച്ചിറക്കാനായിരുന്നു താൻ ലക്ഷ്യമിട്ടിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കൊലപ്പെടുത്തിയ ശേഷം സാധാരണപോലെ യാത്ര തുടരാനാണ് ഉദ്ദേശിച്ചതെന്നും എന്നാൽ ക്യാപ്റ്റൻ ധീരമായി ചെറുത്തുനിൽക്കുകയും കോക്പിറ്റ് വാതിൽ തുറക്കുകയും ചെയ്തതോടെ പദ്ധതി തകിടം മറിയുകയായിരുന്നുവെന്നും പ്രതി വ്യക്തമാക്കി. ഈ പദ്ധടി വളരെക്കാലമായി ആസൂത്രണം ചെയ്തതാണെന്നും, ഫ്ലൈ ദുബായിൽ ജോലി നേടിയത് തന്നെ ഈ ലക്ഷ്യത്തോടെയാണെന്നും ഹമാം അൽ-ഹമ്മാമി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
സംഭവദിവസം സാധാരണപോലെയാണ് വിമാനം സർവീസ് ആരംഭിച്ചതെന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. പറന്നുയർന്നതിന് പിന്നാലെ സഹപൈലറ്റ് പ്രാർഥിക്കണമെന്ന് ആവശ്യപ്പെടുകയും, തുടർന്ന് ഏതാനും മിനിറ്റുകൾക്കകം കോക്പിറ്റിലെ അടിയന്തര രക്ഷാപ്രവർത്തന ഉപകരണമായ ചെറിയ മഴു ഉപയോഗിച്ച് തന്റെ തലയ്ക്ക് പിറകിൽ ശക്തമായി അടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ മർദനമേറ്റ് കാഴ്ച മങ്ങിയെങ്കിലും, യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി അവസാന നിമിഷം സർവശക്തിയുമെടുത്ത് പൊരുതാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സ്മിത് മച്ചാർ വിവരിച്ചു. നിലത്തുവീണുകിടന്ന അദ്ദേഹം കഷ്ടപ്പെട്ട് കോക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് അവധിയിലായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു.
സഹപൈലറ്റിന്റെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വലിയൊരു ദുരന്തമാണ് ഇദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത്. സംഭവത്തിന് പിന്നിൽ ഭീകരാക്രമണശ്രമമുണ്ടെന്ന് സ്ഥിരീകരിച്ച യുഎഇ അറ്റോർണി ജനറൽ ഹമാദ് സൈഫ് അൽ ഷംസി, ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമിയാണ് ഈ കൃത്യത്തിന് പിന്നിലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





