ഓട്ടവ: കാനഡ റവന്യൂ ഏജൻസിയുടെ വിവിധ സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹരായ ഒന്റാറിയോ നിവാസികൾക്ക് ഒക്ടോബർ മാസത്തിൽ നാല് പ്രധാന പേയ്മെന്റുകൾ ലഭിക്കും. സാമ്പത്തിക ആശ്വാസ പദ്ധതികളുടെ ഭാഗമായി ഒക്ടോബർ 5, 9, 20 എന്നീ തീയതികളിലാണ് തുക അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുക. 2025-ലെ ആദായനികുതി റിട്ടേൺ കണക്കിലെടുത്താണ് 2026 ജൂലൈ മുതൽ 2027 ജൂൺ വരെയുള്ള വിഹിതം നിർണയിച്ചിരിക്കുന്നത്. അർഹരായ കുടുംബങ്ങൾക്ക് മൂന്ന് ആഴ്ചയ്ക്കുള്ളിൽ തുക ലഭ്യമാകും.
ജിഎസ്ടി/എച്ച്എസ്ടി ക്രെഡിറ്റിന് പകരമായി ആരംഭിച്ച ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (സിജിഇബി) ഒക്ടോബർ 5-ന് വിതരണം ചെയ്യും. ഈ വർഷത്തെ അവസാന മൂന്ന് മാസ പേയ്മെന്റാണിത്. അവിവാഹിതർക്ക് പ്രതിവർഷം 679 ഡോളറും ദമ്പതികൾക്ക് 890 ഡോളറുമാണ് ഇതിലൂടെ ലഭിക്കുക. 19 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 234 ഡോളർ വീതവും അനുവദിക്കും. വാർഷിക ടാക്സ് റിട്ടേൺ സമർപ്പിച്ചവർക്ക് പ്രത്യേക അപേക്ഷയില്ലാതെ തന്നെ തുക ലഭ്യമാകും.
ഒന്റാറിയോ ട്രില്ലിയം ബെനഫിറ്റ് (ഒടിബി), അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനഫിറ്റ് (എസിഡബ്ല്യുബി) എന്നിവ ഒക്ടോബർ 9-നാണ് അക്കൗണ്ടുകളിലെത്തുക. സംസ്ഥാനത്തെ സെയിൽസ് ടാക്സ്, ഊർജ്ജ-വസ്തു നികുതി ക്രെഡിറ്റുകൾ ഉൾപ്പെടുന്നതാണ് ഒടിബി വിഹിതം. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്കുള്ള മുൻകൂർ ധനസഹായ പദ്ധതിയാണ് എസിഡബ്ല്യുബി. ഇതുവഴി അവിവാഹിതർക്ക് പരമാവധി 272 ഡോളറും കുടുംബങ്ങൾക്ക് 469 ഡോളർ വരെയുമാണ് അക്കൗണ്ടിലെത്തുക.
കുട്ടികളെ വളർത്തുന്ന കുടുംബങ്ങൾക്കുള്ള പ്രതിമാസ ആനുകൂല്യമായ ‘കാനഡ ചൈൽഡ് ബെനഫിറ്റ്’ (സിസിബി) ഒക്ടോബർ 20-ന് വിതരണം ചെയ്യും. ആറു വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് പ്രതിമാസം പരമാവധി 679.75 ഡോളറും 6 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് 573.58 ഡോളറുമാണ് ലഭിക്കുക. ഒന്റാറിയോ ചൈൽഡ് ബെനഫിറ്റിന് അർഹതയുള്ളവർക്ക് ഇതിനൊപ്പം ഓരോ കുട്ടിക്കും 146.66 ഡോളർ വീതം അധികമായും ലഭിക്കും. സിആർഎ മൈ അക്കൗണ്ട് വഴിയോ ഓട്ടോമേറ്റഡ് ആപ്ലിക്കേഷൻ വഴിയോ അപേക്ഷ നൽകിയവർക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
Also Read : ആഗോള വിപണിയിൽ ഇന്ധനവില താഴേക്ക്? വരാൻ പോകുന്നത് വിലക്കുറവിന്റെ നാളുകളോ
നിശ്ചിത തീയതികളിൽ പണം അക്കൗണ്ടിൽ എത്തിയില്ലെങ്കിൽ സിആർഎയെ (CRA) നേരിട്ട് ബന്ധപ്പെടുന്നതിന് മുൻപ് കുറച്ചു ദിവസങ്ങൾ കാത്തിരിക്കണം. ചൈൽഡ് ബെനഫിറ്റ് തുകയ്ക്ക് 5 ബാങ്ക് പ്രവൃത്തിദിവസവും മറ്റ് സഹായധനങ്ങൾ ലഭിക്കാൻ 10 ദിവസവുമാണ് കാത്തിരിക്കേണ്ടത്. ടാക്സ് റിട്ടേൺ സമർപ്പിക്കാത്തവർ പണം തടസ്സപ്പെടാതിരിക്കാൻ എത്രയും വേഗം അത് പൂർത്തിയാക്കണം. കൂടാതെ, ബാങ്ക് അക്കൗണ്ട് നമ്പറും സ്വന്തം വിലാസവും സിആർഎ അക്കൗണ്ടിൽ കൃത്യമാണെന്ന് അർഹരായവർ ഉറപ്പുവരുത്തുകയും വേണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





