ഓട്ടവ: ആൽബർട്ട വേർപിരിഞ്ഞ് പുതിയ രാജ്യമായാൽ കാനഡയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടിയുണ്ടാകുമെന്ന് ഫെഡറൽ സർക്കാരിന്റെ ആഭ്യന്തര വിലയിരുത്തൽ. ഒക്ടോബർ 19-ന് ആൽബർട്ടയിൽ വേർപിരിയൽ സംബന്ധിച്ച റഫറണ്ടം നടക്കാനിരിക്കെ, ആക്സസ് ടു ഇൻഫർമേഷൻ നിയമപ്രകാരം വിവിആർ മാധ്യമങ്ങൾക്ക് ലഭിച്ച ധനകാര്യ വകുപ്പിന്റെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ആൽബർട്ട വേർപിരിഞ്ഞാൽ കാനഡയ്ക്ക് പ്രതിവർഷം 18 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടവും, പ്രവിശ്യയിൽ നിന്ന് പ്രമുഖ കമ്പനികളുടെയും വിദഗ്ദ്ധ തൊഴിലാളികളുടെയും വൻതോതിലുള്ള നാടുവിടൽ ഉണ്ടാകുമെന്ന് രേഖകളിൽ വ്യക്തമാക്കുന്നു.
1995-ൽ ക്യുബെക് പ്രവിശ്യയിൽ നടന്ന ജനഹിതപരിശോധനയുടെ പശ്ചാത്തലം മുൻനിർത്തിയാണ് ഫെഡറൽ ധനകാര്യ മന്ത്രാലയം നിലവിലെ സാഹചര്യത്തെ വിലയിരുത്തുന്നത്. അന്ന് സാമ്പത്തിക അനിശ്ചിതത്വം കാരണം 263 പ്രമുഖ കമ്പനികളാണ് മോൺട്രിയൽ വിട്ട് മറ്റ് പ്രദേശങ്ങളിലേക്ക് പ്രവർത്തനം മാറ്റിയത്. സമാനമായ രീതിയിൽ ആൽബർട്ടയിലും അനിശ്ചിതത്വം നിലനിന്നാൽ, വിഭവമേഖലയ്ക്ക് പുറത്തുള്ള പ്രമുഖ കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ പ്രവിശ്യയ്ക്ക് പുറത്തേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
സ്വതന്ത്ര ആൽബർട്ട എന്ന സാഹചര്യം ഉണ്ടായാൽ ഉയർന്ന വിദ്യാഭ്യാസമുള്ളവരും വൈദഗ്ധ്യമുള്ളവരുമായ തൊഴിലാളികൾ പ്രവിശ്യ വിടാൻ സാധ്യതയേറെയാണ്. 2021-ൽ പതിനേഴായിരത്തിലധികം വിദഗ്ദ്ധ തൊഴിലാളികളാണ് ആൽബർട്ടയിലേക്ക് എത്തിയിരുന്നത്. എന്നാൽ പ്രവിശ്യ വേർപിരിഞ്ഞാൽ ഇവർ മറ്റ് ഭാഗങ്ങളിലേക്ക് മാറും. ഇതിനിടെ ആൽബർട്ട കാനഡയുടെ അവിഭാജ്യ ഘടകമാണെന്നും, ഒന്നിച്ച് നിൽക്കുമ്പോഴാണ് ഇരുഭാഗത്തിനും കൂടുതൽ കരുത്ത് ലഭിക്കുന്നതെന്നും ഫെഡറൽ പ്രിവി കൗൺസിൽ വക്താവ് വ്യക്തമാക്കി.
കാനഡയുടെ സാമ്പത്തിക രംഗത്ത് ആൽബർട്ടയ്ക്ക് വലിയ പങ്കാണുള്ളത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 15 ശതമാനവും കയറ്റുമതിയുടെ 31 ശതമാനവും സംഭാവന ചെയ്യുന്നത് ആൽബർട്ടയാണ്. പ്രതിവർഷം 475 ബില്യൺ ഡോളറിന്റെ സാമ്പത്തിക ഇടപാടുകൾ നടക്കുന്ന പ്രവിശ്യയിൽ നിന്ന് 18 ബില്യൺ ഡോളറാണ് നെറ്റ് ധനസഹായമായി ഫെഡറൽ സംവിധാനത്തിലേക്ക് എത്തുന്നത്. അതിനാൽ വേർപിരിയൽ ഇരുവിഭാഗത്തിന്റെയും സാമ്പത്തിക ഭദ്രതയെ ദോഷമായി ബാധിക്കും.
Also Read: ട്രംപ് ഭീഷണിക്ക് പിന്നാലെ നീക്കം; എണ്ണയും ഡീസലും വൻതോതിൽ പുറത്തിറക്കാൻ G7
കാനഡയുടെ പൊതു പെൻഷൻ ഫണ്ടിൽ (സിപിപി) നിന്ന് ആൽബർട്ട വിട്ടുപോയാൽ പണം വിഭജിച്ചെടുക്കുക എളുപ്പമല്ലെന്ന് ഫെഡറൽ സർക്കാരിന്റെ രേഖകൾ പറയുന്നു. 1966-ൽ തുടങ്ങിയ ഈ പെൻഷൻ പദ്ധതിയിലെ കോടിക്കണക്കിന് ഡോളർ നിക്ഷേപം ഇന്ന് ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ, ഓഹരികൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിലാണ് ഇറക്കിയിരിക്കുന്നത്. അതിനാൽ ആൽബർട്ടയ്ക്ക് മാത്രം അവകാശപ്പെട്ട വിഹിതം എത്രയെന്ന് കൃത്യമായി കണക്കാക്കി വേർതിരിക്കുന്നത് വളരെ സങ്കീർണ്ണമാണ്. നിലവിലുള്ള നിയമങ്ങളിൽ ഇതിന് വ്യക്തതയില്ലാത്തതിനാൽ, ഭാവിയിൽ തർക്കമുണ്ടായാൽ പ്രശ്നപരിഹാരത്തിന് രാജ്യത്തെ സുപ്രീം കോടതി വരെ ഇടപെടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





