പാരീസ് : അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച, ക്ലാസുകളിലെ വിദ്യാർഥിപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ച് ഫ്രാൻസിൽ ജെൻസി വിദ്യാർഥിപ്രക്ഷോഭം രൂക്ഷമാകുന്നു. പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് രാജ്യത്തുടനീളം 400-ഓളം സ്കൂളുകൾ അടച്ചുപൂട്ടിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയുള്ള നീണ്ട ക്ലാസ് സമയക്രമം മാറ്റുക, പഴയ കെട്ടിടങ്ങൾ നന്നാക്കുക, ക്ലാസ് മുറികളിലെ തിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്.
പ്രതിഷേധം വിവിധയിടങ്ങളിൽ സംഘർഷഭരിതമായി. സ്കൂളുകൾക്ക് തീയിടുകയും ട്രാമുകളും ബസ് സ്റ്റോപ്പുകളും തകർക്കുകയും ചെയ്ത സംഭവങ്ങളിൽ നൂറിലധികം സ്കൂളുകൾക്ക് വൻ നാശനഷ്ടം സംഭവിച്ചു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 15-നും 18-നും ഇടയിൽ പ്രായമുള്ള മൂവായിരത്തോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച മാത്രം 1949 പേരെ അറസ്റ്റുചെയ്തതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംഘർഷങ്ങളിൽ 40 പ്രധാനാധ്യാപകർ ഉൾപ്പെടെ 65 സ്കൂൾ ജീവനക്കാർക്കും 305 പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
പാരീസ്, മാർസെയിൽ, സ്ട്രാസ്ബർഗ്, ലില്ലെ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ശക്തമായി പടർന്നിട്ടുണ്ട്. ഫ്രാൻസിലെ മൊത്തം ഹയർസെക്കൻഡറി സ്കൂളുകളിൽ മൂന്നിലൊന്ന് ഭാഗത്തോളം പ്രതിഷേധത്തിന്റെ നിഴലിലാണ്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്രക്ഷോഭത്തിന് രാജ്യത്തെ തീവ്ര ഇടത് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്ന് ഫ്രഞ്ച് സർക്കാർ ആരോപിച്ചെങ്കിലും പ്രതിപക്ഷം ഈ ആരോപണം തള്ളിക്കളഞ്ഞു.
സ്കൂളുകൾക്ക് വരുത്തിയ നാശനഷ്ടങ്ങൾക്ക് വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ജസ്റ്റിസ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചൂടുകാലത്ത് ആവശ്യത്തിന് എയർകണ്ടീഷണറുകളോ ശരിയായ ഹീറ്ററുകളോ ഇല്ലാത്ത ദുരിതപൂർണ്ണമായ സാഹചര്യങ്ങൾക്കെതിരെയാണ് പുതുതലമുറ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ ഉടൻ ഇടപെട്ട് പരിഹാരം കാണണമെന്നാണ് വിദ്യാർത്ഥികളുടെ മുഖ്യ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





