ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിലുണ്ടായ സംഭവം ഭീകരപ്രവർത്തനമാണെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ്. കോക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും കൃത്യസമയത്ത് ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അദ്ദേഹം എക്സിലൂടെ അഭിനന്ദിച്ചു. പരിക്കേറ്റ ക്യാപ്റ്റൻ മച്ചാർ ധൈര്യത്തോടെ കോക്പിറ്റ് വാതിൽ തുറന്നതിനെ തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് ആക്രമിച്ചയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
രണ്ട് ദിവസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആക്രമണത്തെ തുടർന്ന് വിമാനം ഉടൻ തന്നെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പിന്നീട് കൂടുതൽ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി. അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Also Read: കുടിയേറ്റ നയം മാറുമോ? ഫെഡറൽ സർക്കാരിന്റെ ‘ 2027-2029 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ’ ഉടൻ
സംഭവത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യവും ഭീകരബന്ധവും കണ്ടെത്താൻ യുഎഇ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിൽ രജിസ്റ്റർ ചെയ്ത വിമാനമായതിനാൽ കേസിന്റെ നിയമനടപടികൾ രാജ്യത്തെ നീതിന്യായ വിഭാഗത്തിന്റെ പരിധിയിലാണ് വരുന്നത്. അന്വേഷണം കഴിയുന്നത് വരെ സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് യുഎഇ സർക്കാരും അധികൃതരും അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





