ദില്ലി : റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജൻസികളിൽ നിന്ന് ഇന്ത്യൻ പൗരന്മാർ വിട്ടുനിൽക്കണമെന്ന് വിദേശകാര്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് റഷ്യൻ സൈന്യത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
വലിയ വാഗ്ദാനങ്ങളിൽപ്പെട്ട് റഷ്യൻ സൈന്യത്തിൽ ചേരുന്ന പലരും പിന്നീട് തിരികെ വരാനാകാതെ പ്രതിസന്ധിയിലാകുന്നതായും ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേർ മന്ത്രാലയത്തെ സമീപിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കൂടാതെ, റഷ്യയിലുള്ള ചില ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാൻ ശ്രമം നടത്തിയതും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ നീക്കങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും സർക്കാർ വാർത്താക്കുറിപ്പിൽ ഓർമ്മിപ്പിച്ചു.
റഷ്യൻ സൈന്യത്തിൽ ചേർന്ന് നിരവധി ഇന്ത്യക്കാർ യുദ്ധമുഖത്ത് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഈ സുപ്രധാന മുന്നറിയിപ്പ്. റഷ്യ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരെ സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് യുക്രെയിൻ പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്‌കിയും ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം വ്യാജ ഏജൻസികളുടെ കെണിയിൽ വീഴരുതെന്നും പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




