ടെഹ്റാൻ : രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സൈനിക സാന്നിധ്യത്തിന് വിരാമമിട്ട് അമേരിക്കൻ സേന ഇറാഖിലെ അവസാന കേന്ദ്രങ്ങളിൽ നിന്നും പൂർണ്ണമായി പിന്മാറുന്നു. ഈ മാസത്തോടെ സൈനിക പിന്മാറ്റം പൂർത്തിയാകുന്നതോടെ മേഖലയിൽ ഇറാനും പ്രോ-ഇറാൻ സംഘടനകൾക്കും സ്വാധീനം വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇറാനെതിരായ പോരാട്ടം ശക്തമാക്കുന്നതിനിടെയുള്ള യുഎസ് നടപടി ഇറാഖിൽ രാഷ്ട്രീയമായും സൈനികമായും വൻ മാറ്റങ്ങൾക്ക് വഴിവെക്കും.
അമേരിക്കൻ സേനയുടെ പിന്മാറ്റം തങ്ങൾക്ക് ലഭിച്ച വലിയ വിജയമായാണ് ഇറാനും ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളും ആഘോഷിക്കുന്നത്. യുഎസ് പിന്മാറ്റത്തോടെ ഇറാഖിലെ സുരക്ഷാ, രാഷ്ട്രീയ തീരുമാനങ്ങളിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കാൻ ഈ ഗ്രൂപ്പുകൾ ശ്രമിക്കും. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെട്ട ചരിത്ര നിമിഷമാണിതെന്ന് ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് പ്രതികരിച്ചു.
അതേസമയം, അമേരിക്കൻ പിന്മാറ്റം രാജ്യത്ത് വൻ സുരക്ഷാ ശൂന്യത സൃഷ്ടിക്കുമെന്ന ഭീതിയിലാണ് ഒരുവിഭാഗം ഇറാഖി ജനതയും സുരക്ഷാ വിദഗ്ധരും. ഇറാഖ് ഇപ്പോഴും സ്വന്തം നിലയിൽ സുരക്ഷാ ചുമതലകൾ ഏറ്റെടുക്കാൻ സജ്ജമല്ലെന്ന് ഫല്ലൂജയിലെ സുന്നി ഗോത്ര നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഈ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്കയും ശക്തമാണ്.
ALSO READ ; ‘ഡോളർ മാത്രം കാണരുത്, ഈ ത്യാഗങ്ങളും കാണണം’; കാനഡ ജീവിതത്തിന്റെ മറുവശം തുറന്ന്കാട്ടി ഇന്ത്യൻ യുവതി
ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരർ വീണ്ടും ശക്തി പ്രാപിക്കാൻ ഇത് അവസരമൊരുക്കുമെന്ന് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥരും കുർദിഷ് കമാൻഡർമാരും മുന്നറിയിപ്പ് നൽകുന്നു. മുൻപ് ഇറാഖിന്റെ മൂന്നിലൊന്ന് ഭാഗവും പിടിച്ചെടുത്ത ഐസിസിന്റെ ‘സ്ലീപ്പർ സെല്ലുകൾ’ അടുത്തിടെയായി വീണ്ടും സജീവമായിട്ടുണ്ട്. യുഎസ് സേനയുടെ രഹസ്യാന്വേഷണ മിടുക്കും ഡ്രോൺ സഹായവും ഇല്ലാതാകുന്നത് ഭീകരർക്ക് കൂടുതൽ കരുത്താകും.
2003-ൽ സദ്ദാം ഹുസൈനെ പുറത്താക്കാനാണ് അമേരിക്ക ഇറാഖിൽ അധിനിവേശം നടത്തിയത്. തുടർന്ന് 2011-ൽ പിന്മാറിയെങ്കിലും 2014-ൽ ഐസിസിനെതിരെയുള്ള പോരാട്ടത്തിനായി വീണ്ടും തിരിച്ചെത്തുകയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സംഘർഷങ്ങളിൽ 4,500-ലധികം യുഎസ് സൈനികർക്കാണ് ഇറാഖിൽ ജീവൻ നഷ്ടപ്പെട്ടത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





