ഓട്ടവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) ഡിസീസ് ബാധ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രാ-കുടിയേറ്റ വിലക്കുകൾ കാനഡ 60 ദിവസത്തേക്ക് കൂടി നീട്ടി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കേണ്ടിയിരുന്ന നിയന്ത്രണങ്ങളാണ് നവംബർ 27 വരെ നീട്ടിയത്. മേയ് മാസം മുതൽ ഡിആർസി, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കാനഡ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പുതിയ ഉത്തരവോടെ വിസയും യാത്രാാനുമതികളും ഉൾപ്പെടെയുള്ള രേഖകളുടെ സസ്പെൻഷൻ തുടരും. ഇത് പിആർ ലഭിച്ചവരടക്കം പതിനായിരക്കണക്കിന് ആളുകളെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ 21 ദിവസത്തിനിടെ ഡിആർസി സന്ദർശിച്ച മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് കാനഡയിലേക്കുള്ള വിമാനങ്ങളിൽ കയറാനോ കാനഡ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനോ അനുമതിയില്ല. ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ 21 ദിവസം ക്വാറന്റീനിൽ കഴിയണം. കാനഡ പൗരന്മാരും സ്ഥിരതാമസക്കാരും ഈ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയാൽ 21 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
ഡിആർസി ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം എബോള ബാധിതരുടെ എണ്ണം 8,000 കടന്നു. മേയ് മാസത്തിനു ശേഷം 3,900-ലധികം ആളുകളാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. വാക്സിനോ കൃത്യമായ ചികിത്സയോ ലഭ്യല്ലാത്ത അപൂർവയിനം ബന്ദിബുഗ്യോ (Bundibugyo) വൈറസാണ് ഇവിടെ പടർന്നുപിടിക്കുന്നത്. 48 ശതമാനം മരണനിരക്കുള്ള ഈ രോഗബാധ, ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ പടരുന്ന എബോള വ്യാപനമാണെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം, ഉഗാണ്ടയിൽ 20 പേർക്ക് രോഗം ബാധിച്ചെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ വ്യാപനം അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ സുഡാനിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ALSO READ ; വാൻകൂവർ തീരത്ത് വീണ്ടും ഭൂചലനം: സുനാമി ഭീഷണിയില്ല, ആശങ്ക വേണ്ടെന്ന് അധികൃതർ
ഫിഫ ലോകകപ്പ് ടൂർണമെന്റിന് മുന്നോടിയായി, സഹ സംഘാടകരായ അമേരിക്കയുടെയും മെക്സിക്കോയുടെയും നയങ്ങൾക്ക് സമാനമായാണ് കാനഡ മുൻകരുതൽ നടപടിയെന്ന നിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അമേരിക്കയും സമാനമായ യാത്രാ വിലക്കുകൾ തുടരുന്നുണ്ട്. എന്നാൽ, സയൻസിനേക്കാൾ ഉപരി ഭയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം യാത്രാവിലക്കുകൾ നടപ്പിലാക്കുന്നതെന്ന് ലോക ആരോഗ്യ സംഘടന വിമർശിച്ചു.
എബോള വായുവിലൂടെ പടരുന്ന രോഗമല്ലാത്തതിനാൽ വിമാനയാത്ര വഴിയുള്ള രോഗവ്യാപന സാധ്യത വളരെ കുറവാണെന്നാണ് ഡബ്ല്യുഎച്ച്ഒ നിലപാട്. യൂറോപ്യൻ യൂണിയനും യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. അതിനിടെ, കാനഡയുടെ കർശന നിലപാടുകൾ മൂലം ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നുണ്ടെന്നും രോഗവ്യാപനം തടയാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും സന്നദ്ധപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





