പോർട്ടഡൗൺ : വടക്കൻ അയർലൻഡിലെ പോർട്ടഡൗണിൽ വിവാദമായ ‘ഓറഞ്ച് ഓർഡർ’ പ്രകടനം തടഞ്ഞ് പ്രതിഷേധക്കാർ. കാർമാഗ് കൗണ്ടിയിലെ പോർട്ടഡൗണിൽ ഞായറാഴ്ച നൂറുകണക്കിന് ആളുകൾ റോഡ് ഉപരോധിച്ചതിനെത്തുടർന്നാണ് മാർച്ച് മാറ്റിവെച്ചത്. നിയമപോരാട്ടങ്ങൾക്കൊടുവിൽ ഏകദേശം 30 വർഷത്തിന് ശേഷമാണ് ഡംക്രീ പരേഡ് വീണ്ടും നടത്താൻ തീരുമാനിച്ചിരുന്നത്. 1990-കളിൽ വടക്കൻ അയർലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘർഷങ്ങൾക്ക് ഈ പരേഡ് വഴിവെച്ചിരുന്നു.
പ്രതിഷേധക്കാർ റോഡ് തടഞ്ഞതിനെത്തുടർന്ന് സെയ്ൻ ഫെയ്ൻ വൈസ് പ്രസിഡന്റും വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്ററുമായ മിഷേൽ ഒ നീൽ സ്ഥലത്തെത്തി സമരത്തിന് പിന്തുണയറിയിച്ചു. അതേസമയം, ഓറഞ്ച് ഓർഡർ അംഗങ്ങളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡി.യു.പി) രാഷ്ട്രീയ നേതാക്കളും റോഡ് തെളിയുന്നതിനായി ഒരു മൈൽ അകലെ കാത്തുനിൽക്കുകയുണ്ടായി. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പിരിച്ചുവിട്ടെങ്കിലും, മാർച്ച് നടത്തുമെന്ന ഉറച്ച നിലപാടിലാണ് ഓർഡർ അംഗങ്ങൾ.
തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ മാർച്ചു ചെയ്യാനെത്തിയ ഒരുസംഘം പുരുഷന്മാരെ പോലീസ് ലാൻഡ് റോവറുകൾ തടഞ്ഞു. പ്രൊട്ടസ്റ്റന്റ് അനുകൂല സംഘടനയായ ഓറഞ്ച് ഓർഡർ മാർച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഗർവാഗി റോഡ് പ്രദേശം കത്തോലിക്കാ വിഭാഗക്കാരും ഐറിഷ് നാഷണലിസ്റ്റുകളും കൂടുതലുള്ള മേഖലയാണ്. ഈ മാർച്ചുകൾ വർഗീയത പരത്തുന്നതാണെന്നും തങ്ങളുടെ പ്രദേശത്തുകൂടി കടന്നുപോകാൻ അനുവദിക്കില്ലെന്നുമാണ് കത്തോലിക്കരുടെ നിലപാട്.
1998 മുതൽ ഡംക്രീ മാർച്ച് പൂർത്തിയാക്കുന്നതിൽ നിന്ന് ഓറഞ്ച് ഓർഡറിനെ വിലക്കിയിരുന്നു. തർക്കങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പരേഡ്സ് കമ്മീഷൻ ഈ വർഷം വരെ പരേഡിനുള്ള അനുമതി നിരസിക്കുകയായിരുന്നു. മാർച്ച് നടക്കില്ലെന്ന് ഉറപ്പാക്കാനായതിൽ സന്തോഷമുണ്ടെന്നും തങ്ങൾ അത് വിജയകരമായി തടഞ്ഞെന്നും ഗർവാഗി റോഡ് റെസിഡന്റ്സ് കോളിഷൻ പ്രതിനിധി ബ്രെന്റൻ മാക് കൊന്നൈത്ത് പറഞ്ഞു. തിങ്കളാഴ്ച പോലീസിലെയും സർക്കാരിലെയും ഉന്നതരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




