ഓട്ടവ: ലോട്ടറി പ്രേമികൾക്കിടയിൽ എന്നും വലിയ ചർച്ചാവിഷയമാണ് ഏതെല്ലാം സംഖ്യകൾക്കാണ് നറുക്കെടുപ്പുകളിൽ കൂടുതൽ ഭാഗ്യം തെളിയുന്നത് എന്നത്. കാനഡയിലെ ഏറ്റവും വലിയ നറുക്കെടുപ്പുകളിലൊന്നായ ‘ലോട്ടോ മാക്സ്’ ലോട്ടറിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുക്കപ്പെട്ട സംഖ്യകളുടെ കണക്കുകൾ ഡാറ്റ വിദഗ്ദ്ധർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ കാസിനോ പ്ലാറ്റ്ഫോമായ ‘പ്ലേ കാസിനോ’നടത്തിയ വിശദമായ വിശകലനത്തിലാണ് ഈ കൗതുകകരമായ വിവരങ്ങൾ വെളിപ്പെട്ടത്.
2009 സെപ്റ്റംബറിൽ ആരംഭിച്ച ലോട്ടോ മാക്സിന്റെ 1,272-ലധികം നറുക്കെടുപ്പുകളുടെ ചരിത്രത്തിൽ 7, 28 എന്നീ രണ്ട് സംഖ്യകളാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇക്കാലയളവിൽ മാത്രം ഈ സംഖ്യകൾ 204 തവണവീതം നറുക്കെടുപ്പിലൂടെ പുറത്തുവന്നു. ഇവയ്ക്ക് തൊട്ടുപിന്നാലെ വരുന്ന മറ്റ് പ്രധാന ലക്കി നമ്പറുകൾ19 ആണ്, ഇത് 202 തവണ ഭാഗ്യം കൊണ്ടുവന്നു, പിന്നാലെ 200 തവണയായി 39ഉം 50, 36 എന്നീ നമ്പറുകൾ 196 തവണ വീതവും ഭാഗ്യം നേടി. കൂടാതെ, നറുക്കെടുപ്പുകളിൽ ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നതിൽ മുന്നിൽ നിൽക്കുന്ന ജോഡി സംഖ്യകൾ 7-ഉം 18-ഉം ആണ്. ലോകമെമ്പാടും പൊതുവേ 7 എന്ന നമ്പർ ഭാഗ്യചിഹ്നമായി കണക്കാക്കാറുണ്ട്. ലോട്ടോ മാക്സിന്റെ കഴിഞ്ഞ 17 വർഷത്തെ ചരിത്രത്തിലും ‘7’ എന്ന സംഖ്യ മുൻപന്തിയിൽ കാണുന്നത് ഏറെ രസകരമാണെന്ന് വിവരവിശകലന രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
Also Read: കുല്‍ദീപിന്റെ നാലുവിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ലോട്ടോ മാക്സ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ തവണ മാത്രം വിജയിച്ച സംഖ്യകളുടെ നിരയിൽ ഉള്ളത്:33, 49, 27, 23 എന്നീ നമ്പറുകളാണ്.മുൻകാല കണക്കുകൾ അടുത്ത വിജയിയെ നിശ്ചയിക്കുമോ?പഴയ ലക്കി നമ്പറുകൾ നോക്കി പുതിയ ടിക്കറ്റുകൾ എടുക്കുന്നവർക്കായി വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് വളരെ വ്യക്തമാണ്. മുൻകാലങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ അടുത്ത നറുക്കെടുപ്പിലെ വിജയി ആരായിരിക്കുമെന്ന് ഒരിക്കലും പ്രവചിക്കുന്നില്ല. നറുക്കെടുപ്പിനുള്ള പന്തുകൾക്ക് കഴിഞ്ഞ ആഴ്ചയോ അല്ലെങ്കിൽ 2009-ലോ ഏത് സംഖ്യയാണ് വന്നതെന്ന് ഓർത്തു വെക്കാനുള്ള ശേഷിയോ ഓർമ്മശക്തിയോ ഇല്ല. അതിനാൽ തന്നെ നിങ്ങൾ മുടക്കുന്ന ഓരോ 6 ഡോളർ ടിക്കറ്റിനും ജാക്ക്പോട്ട് അടിക്കാനുള്ള സാധ്യത കൃത്യമായി 3,34,46,140-ൽ ഒന്ന് മാത്രമാണ്. അതുകൊണ്ടുതന്നെ ലോട്ടറിയെ ഒരു വിനോദമായി മാത്രം കാണണമെന്നും, നഷ്ടപ്പെട്ടാൽ താങ്ങാൻ കഴിയുന്ന തുക മാത്രം ഇതിനായി ചെലവഴിക്കണമെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





