ടൊറന്റോ: ടംബ്ലര് റിഡ്ജ് വെടിവയ്പ്പ് കേസിൽ പ്രതി ഉപയോഗിച്ച ചാറ്റ് ജിപിടി (ChatGPT) സംവിധാനത്തിന്റെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് കനേഡിയൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ 18-കാരൻ ജെസ്സി വാൻ റൂട്ട്സെലാർ ചാറ്റ് ജിപിടിയുമായി നടത്തിയ സംഭാഷണങ്ങൾ പുറത്തുവന്നതോടെയാണ് അധികൃതർ നടപടി കടുപ്പിച്ചത്.

യുഎസ് മാസികയായ ‘മദർ ജോൺസ്’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. അക്രമസ്വഭാവമുള്ള കാര്യങ്ങൾ ചോദിച്ചതിന് പ്രതിയുടെ ആദ്യ അക്കൗണ്ട് ഒപ്പൺഎഐ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ പ്രതി രണ്ടാമതൊരു അക്കൗണ്ട് ഉണ്ടാക്കുകയും, ചോദ്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കുകയും ചെയ്തു. അക്രമം നടക്കുന്ന ദിവസം പോലും സ്കൂൾ വെടിവയ്പ്പുകളെക്കുറിച്ചും അവയുടെ സമയക്രമങ്ങളെക്കുറിച്ചും പ്രതി ചാറ്റ് ജിപിടിയോട് ചോദിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 10-നാണ് കാനഡയെ നടുക്കിയ ടംബ്ലർ റിഡ്ജ് ആക്രമണം നടക്കുന്നത്. പ്രതിയായ വാൻ റൂട്ട്സെലാർ സ്വന്തം അമ്മയെയും സഹോദരനെയും വീട്ടിൽ വെച്ച് കൊലപ്പെടുത്തി. തുടർന്ന് അടുത്തുള്ള സ്കൂളിലെത്തി അഞ്ച് വിദ്യാർത്ഥികളെയും ഒരു അധ്യാപകനെയും വെടിവെച്ച് കൊന്നു. അതിനുശേഷം പ്രതിയും മരിച്ചു.
ALSO READ: എംപിമാരുടെ പ്രസംഗം എഴുതാനും എഐ; കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട്
സംഭവത്തെ തുടർന്ന് കനേഡിയൻ ഭരണകൂടം ഒപ്പൺഎഐ കമ്പനിക്കെതിരെ ശക്തമായ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഒപ്പൺഎഐയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ അറ്റോർണി ജനറൽ നിക്കി ശർമ്മ അറിയിച്ചിരുന്നു. എഐ സംവിധാനങ്ങൾ വഴിയുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ അവ ഉണ്ടാക്കുന്ന കമ്പനികൾക്കും ഉത്തരവാദിത്തം നൽകുന്ന രീതിയിൽ രാജ്യത്തെ നിയമങ്ങൾ മാറ്റണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
റിപ്പോർട്ടുകളെക്കുറിച്ച് ഒപ്പൺഎഐ കമ്പനി ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല. എന്നാൽ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയതായും പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ കനേഡിയൻ എഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടും റോയൽ കനേഡിയൻ പോലീസും കേസിനെക്കുറിച്ച് കൂടുതൽ പരിശോധന നടത്തുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Canada Probes ChatGPT Safety in Tumbler Ridge Case’




