ഓട്ടവ: തൊഴിൽ തർക്കങ്ങളിലും പണിമുടക്കുകളിലും ഫെഡറൽ സർക്കാരിന് ഇടപെടാൻ കൂടുതൽ അധികാരങ്ങൾ നൽകുന്ന ബിൽ കനേഡിയൻ പാർലമെന്റിൽ അവതരിപ്പിച്ചു. തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ‘ബിൽ C-39’ ഭാവിയിൽ വലിയ നിയമപരമായ ചോദ്യങ്ങൾക്കും തൊഴിൽ തർക്കങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലിബറൽ സർക്കാരാണ് ഈ ബിൽ സഭയിൽ കൊണ്ടുവന്നത്.
തൊഴിൽ നിയമത്തിൽ വരുത്തുന്ന പ്രധാന മാറ്റങ്ങൾ
1984-ൽ തൊഴിൽ നിയമത്തിൽ ഉൾപ്പെടുത്തിയ സെക്ഷൻ 107-ലാണ് സർക്കാർ പ്രധാനമായും നിർണായകമായ മാറ്റങ്ങൾ നിർദേശിക്കുന്നത്. റെയിൽവേ, തുറമുഖങ്ങൾ, വ്യോമഗതാഗതം തുടങ്ങിയ മേഖലകളിലെ പണിമുടക്കുകൾ പൂർണമായി അവസാനിപ്പിക്കാൻ മന്ത്രിക്ക് കൂടുതൽ നേരിട്ട് ഇടപെടാം. സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഉത്തരവിടാനും, തർക്കത്തിൽ നിർബന്ധമായി ചർച്ച നടത്തി പരിഹാരം കണ്ടെത്താനും ഈ പുതിയ ഭേദഗതി മന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്നു.
തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശവും ആശങ്കകളും
ഈ പുതിയ ബിൽ തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശത്തിന് വലിയ ഭീഷണിയാണെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ നിയമത്തിൽ വ്യക്തത വരുത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ വിശദീകരണം. പക്ഷേ, ഇത് മന്ത്രിയുടെ അധികാരം കൂട്ടാനുള്ള നീക്കമാണെന്ന് വിദഗ്ധർ പറയുന്നു. 2015-ൽ സുപ്രീം കോടതി അംഗീകരിച്ച തൊഴിലാളികളുടെ പ്രധാനപ്പെട്ട അവകാശത്തെ ഇത് സാരമായി ബാധിച്ചേക്കാം.
‘ദേശീയ താൽപര്യം’ എന്ന കൺഫ്യൂഷൻ
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയോ ‘ദേശീയ താൽപര്യത്തെയോ’ സമരം ബാധിക്കുന്നുണ്ടെങ്കിൽ മാത്രമേ സർക്കാരിന് ഇടപെടാനാകൂ. എന്നാൽ ഈ ‘ദേശീയ താൽപര്യം’ എന്നാൽ എന്താണെന്ന് ബില്ലിൽ വ്യക്തമായി പറഞ്ഞിട്ടില്ല. വിമാന സർവീസുകളോ റെയിൽവേയോ തടസ്സപ്പെടുമ്പോൾ ഈ കാരണം ചൂണ്ടിക്കാട്ടി സർക്കാരിന് എളുപ്പത്തിൽ ഇടപെട്ട് പണിമുടക്ക് അവസാനിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
Also Read: ‘സാങ്കേതിക പ്രശ്നമെന്നത് വെറും കള്ളം’; ഗോർഡി ഹൗ പാലം തുറക്കാൻ വൈകിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
യൂണിയനുകളുടെ പ്രതിഷേധവും തുടർന്നുള്ള നിയമനടപടികളും
പാർലമെന്റ് വഴിയല്ലാതെ നേരിട്ട് പണിമുടക്കുകൾ അവസാനിപ്പിക്കാൻ സർക്കാരിന് കൂടുതൽ എളുപ്പമുള്ള വഴി തുറന്നു നൽകുന്നതാണ് പുതിയ നീക്കം. ഇത് രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയനുകളിൽ നിന്ന് കടുത്ത എതിർപ്പ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങളും കോടതി നടപടികളും ഉണ്ടാകുമെന്ന് തൊഴിൽ മേഖലയിലെ നിരീക്ഷകർ വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









