ഷാർലറ്റ് ടൗൺ: പ്രിൻസ് എഡ്വേഡ് ഐലൻഡിൽ 2027 ജനുവരി 1 മുതൽ വാർഷിക വാടക വർധനയുടെ പരമാവധി നിരക്ക് 2.1 ശതമാനമായി നിശ്ചയിച്ചു. പ്രവിശ്യയിലെ റെസിഡൻഷ്യൽ ടെനൻസി ഡയറക്ടറാണ് ഈ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചത്. പ്രവിശ്യാ നിയമപ്രകാരം അനുവദിച്ച നിരക്ക് പരമാവധി നിരക്ക് 3 ശതമാനമാണെങ്കിലും ഇത്തവണ അത് 2.1 ശതമാനമായി പരിമിതപ്പെടുത്തുകയായിരുന്നു. ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ വാടകക്കാരെയും ഭൂവുടമകളെയും ഒരുപോലെ ബാധിക്കുന്നതിനാലാണ് തീരുമാനം ശ്രദ്ധേയമാകുന്നത്.
ഉപഭോക്തൃ വില സൂചികയിലെ മാറ്റങ്ങളും സാമ്പത്തിക ഘടകങ്ങളും വിലയിരുത്തിയാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആളുകൾ നിത്യേന ഉപയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വില വ്യതിയാനം അളക്കുന്ന മാനദണ്ഡമാണ് സി.പി.ഐ.. ഇതിലെ മാറ്റങ്ങളും നിലവിലെ സാമ്പത്തിക അവസ്ഥയുമാണ് പുതിയ നിരക്ക് തീരുമാനിക്കാൻ പ്രധാനമായി പരിഗണിച്ചത്. കൂടാതെ, പ്രവിശ്യയിലെ സാമ്പത്തിക സ്ഥിതിയും പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച നിർദേശങ്ങളും ഈ തീരുമാനത്തിൽ നിർണായകമായി.
തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ലഭിച്ച 85 നിവേദനങ്ങൾ അധികൃതർ പരിശോധിച്ചു. വേതന വർധനവ് കുറവായതിനാൽ വാടക വർധനവ് പൂർണ്ണമായും ഒഴിവാക്കണമെന്ന് വാടകക്കാർ ആവശ്യപ്പെട്ടു. എന്നാൽ കെട്ടിടങ്ങളുടെ കാര്യങ്ങൾ നോക്കുന്നതിനുള്ള ചെലവ്, ഉയർന്ന പ്രോപ്പർട്ടി നികുതി, അറ്റകുറ്റപ്പണികൾ, പലിശനിരക്ക് എന്നിവ കാരണം നടത്തിപ്പുചെലവ് കൂടിയതായി ഭൂവുടമകളും വ്യക്തമാക്കി.
Also Read: ഇനി ക്ലോക്ക് തിരിച്ചു വയ്ക്കേണ്ട; നിർണായക തീരുമാനവുമായി നോർത്ത്‌വെസ്റ്റ് ടെറിറ്ററീസ്
സാധാരണ അനുവദിച്ച 2.1 ശതമാനത്തിൽ കൂടുതൽ വാടക കൂട്ടാൻ ആഗ്രഹിക്കുന്ന ഭൂവുടമകൾ റെന്റൽ ഓഫീസിൽ പ്രത്യേക അപേക്ഷ നൽകണം. പ്രത്യേക അനുമതി ലഭിച്ചാൽ പരമാവധി 3 ശതമാനം വരെ കൂടി അധികമായി വർധിപ്പിക്കാം. ഇത്തരത്തിൽ അനുമതി ലഭിക്കുന്നവർക്ക് 2027-ൽ മൊത്തത്തിൽ പരമാവധി 5.1 ശതമാനം വരെ വാടക കൂട്ടാൻ സാധിക്കും. ഒരു കെട്ടിടത്തിന്റെ വാടക വർഷത്തിൽ ഒരു തവണ മാത്രമേ കൂട്ടാൻ പാടുള്ളൂ. കൂടാതെ, വാടക കൂട്ടുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും വാടകക്കാരെ എഴുതി തയ്യാറാക്കിയ നോട്ടീസ് വഴി വിവരമറിയിക്കണമെന്നും റെസിഡൻഷ്യൽ ടെനൻസി ഓഫീസ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









