ഒന്റാരിയോ : അടിയന്തര ഘട്ടങ്ങളിൽ ജീവൻരക്ഷാ ഉപകരണങ്ങൾ അതിവേഗം എത്തിക്കാൻ ലക്ഷ്യമിട്ട് പീൽ മേഖലയിൽ പുതിയ മെഡിക്കൽ ഡ്രോൺ പൈലറ്റ് പദ്ധതിക്ക് തുടക്കമായി. പീൽ റീജിയണൽ പാരമെഡിക് സർവീസസ് ആണ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ആളുകളിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി ഈ നൂതന സാങ്കേതികവിദ്യ നടപ്പിലാക്കിയത്.
ആളുകൾ 911-ൽ വിളിക്കുമ്പോൾ ആംബുലൻസിനൊപ്പം തന്നെ ഡ്രോണുകളും രംഗത്തിറങ്ങും. കാർഡിയാക് അറസ്റ്റ് ഉണ്ടാകുമ്പോൾ ദൂരവും ട്രാഫിക്കും കാരണം പാരമെഡിക്കുകൾക്ക് വേഗത്തിൽ എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഡ്രോണുകളുടെ സഹായം തേടുന്നത്. എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ, നലോക്സൺ കിറ്റ്, എപ്പിപെൻ തുടങ്ങിയ ജീവൻ രക്ഷാ ഔഷധങ്ങളും ഉപകരണങ്ങളുമാണ് ഡ്രോൺ വഴി എത്തിക്കുന്നത്.
ബൊൾട്ടൺ പ്രദേശത്താണ് ആറുമാസം നീളുന്ന ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ബൊൾട്ടൺ പാരമെഡിക് സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് പകൽ സമയങ്ങളിൽ ഡ്രോണുകൾ പ്രവർത്തിക്കുക. ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഡ്രോണുകൾ താഴെയിറങ്ങാതെ, മൂന്ന് മീറ്റർ ഉയരത്തിൽ പറന്ന് തുറസ്സായ സ്ഥലത്തേക്ക് പാക്കേജ് താഴെയിട്ട ശേഷം തിരികെ പോകും.
ഡ്രോണുകൾക്കൊപ്പമുള്ള ക്യാമറകൾ നാവിഗേഷനും സുരക്ഷയ്ക്കും ഡെലിവറി സ്ഥിരീകരണത്തിനും മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നില്ലെന്നും ദൃശ്യങ്ങൾ പരസ്യപ്പെടുത്തില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പൈലറ്റ് പദ്ധതിയുടെ വിജയം വിലയിരുത്തിയ ശേഷം ഒന്റാരിയോയിലെ മറ്റ് ഗ്രാമീണ, വിദൂര മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








