അബ്ബോട്ട്സ്ഫോർഡ്: പൊലീസ് ഉദ്യോഗസ്ഥൻ യുവതിയുടെ കഴുത്തു ഞെരിച്ചുപിടിച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കാനഡയിൽ വൻ പ്രതിഷേധം. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അബ്ബോട്ട്സ്ഫോർഡിലാണ് സംഭവം. മോഷ്ടിച്ചതായി സംശയിക്കുന്ന യുവതിയെ കീഴ്പ്പെടുത്താനാണ് സിവിൽ വസ്ത്രത്തിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി ബലപ്രയോഗം നടത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് വിശദീകരണവുമായി രംഗത്തെത്തി.
ഷോപ്പിംഗ് സെന്ററിലെ മോഷണവുമായി ബന്ധപ്പെട്ട് സംശയമുള്ള യുവതിയെ പിടികൂടാൻ ശ്രമിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ച യുവതിയെ ഉദ്യോഗസ്ഥൻ റോഡിൽ തട്ടിയിടുകയും, തുടർന്ന് പിന്നിലൂടെ വന്ന് കഴുത്തു ഞെരിച്ചുപിടിക്കുകയുമായിരുന്നു. ഏകദേശം 20 സെക്കൻഡോളം പൊലീസ് ഉദ്യോഗസ്ഥൻ ഈ രീതിയിൽ കഴുത്ത് അമർത്തിപ്പിടിച്ചു. ഈ സമയം ശ്വാസം കിട്ടാതെ യുവതിയുടെ മുഖം നീലനിറമാകുന്നത് കണ്ടതായി കാറിൽ പോവുകയായിരുന്ന ദൃക്സാക്ഷികൾ പറയുന്നു. ആകാശത്തേക്ക് കൈകൾ ഉയർത്തി താൻ വഴങ്ങാമെന്ന് സൂചിപ്പിച്ചിട്ടും പൊലീസ് പിടുത്തം വിട്ടില്ലെന്ന് ദൃക്സാക്ഷി നടാഷ ഹാരിസ്-ജിമ്മി വ്യക്തമാക്കി.
അതേസമയം, ഉദ്യോഗസ്ഥന്റെ നടപടിയെ ന്യായീകരിച്ച് അബ്ബോട്ട്സ്ഫോർഡ് പൊലീസ് പ്രസ്താവനയിറക്കി. അറസ്റ്റിന് വഴങ്ങാതെ യുവതി ആക്രമിക്കാൻ മുതിർന്നപ്പോഴാണ് ‘വാസ്കുലാർ നെക്ക് റെസ്ട്രയിന്റ്’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. കഴുത്തിലെ രക്തധമനികളിൽ അമർത്തി ആളുകളെ പെട്ടെന്ന് ബോധം കെടുത്തുന്ന രീതിയാണിത്. ഇത് ശ്വാസം മുട്ടിക്കലല്ലെന്നും ആർക്കും പരിക്കേൽക്കാതെ പ്രതിയെ സുരക്ഷിതമായി കസ്റ്റഡിയിലെടുക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് അവകാശപ്പെട്ടു. എന്നാൽ പൊലീസിന്റെ ഈ അനാവശ്യ ബലപ്രയോഗത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









