സസ്കാച്വാൻ: സസ്കാച്വാനിൽ പൈലറ്റ് പരിശീലനത്തിനിടെയുണ്ടായ വിമാന അപകടത്തിൽ തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളായ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഫ്ലൈറ്റ് ട്രെയിനിംഗിനിടെയാണ് അപകടമുണ്ടായത്. മനോജ് ശിവകുമാർ, ശ്രീശരൺ തിരുജ്ഞാനസംബന്ധം എന്നിവരാണ് അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ. വൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച കോൺസുലേറ്റ്, വിദ്യാർത്ഥികളുടെ ഭൗതികശരീരം ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതിനായി ആവശ്യമായ എല്ലാ കൗൺസുലാർ സഹായങ്ങളും ലഭ്യമാക്കാൻ സന്നദ്ധമാണെന്നും വ്യക്തമാക്കി.
സസ്കാച്വാനിലെ കിസ്ബിക്ക് സമീപം സെപ്റ്റംബർ 18 വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. മാനിറ്റോബ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹാർവ്സ് എയർ’ ഫ്ലൈയിംഗ് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സെസ്ന 172 (Cessna 172) എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. റെജീനയിൽ നിന്ന് കാർലൈൽ വഴി മാനിറ്റോബയിലെ സ്റ്റെയ്ൻബാക്കിലേക്ക് രാത്രികാല ദീർഘദൂര പരിശീലന പറക്കൽ നടത്തുകയായിരുന്നു വിമാനം.
വെള്ളിയാഴ്ച രാവിലെയോടെ വിമാനം നിശ്ചിത സമയത്ത് എത്താതിരുന്നതിനെ തുടർന്ന് ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് റോയൽ കനേഡിയൻ എയർഫോഴ്സിന്റെ ഹെർക്കുലീസ് വിമാനം നടത്തിയ തിരച്ചിലിലാണ് വൈകുന്നേരത്തോടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ട് പേരും മരിച്ചിരുന്നു.
Also Read : കനേഡിയൻ പൗരത്വം നഷ്ടപ്പെടുമോ? ‘ബിൽ C-3’ റദ്ദാക്കാനാകുമോ? നിയമവിദഗ്ധർ പറയുന്നത് ഇതാണ്
കഴിഞ്ഞ 2025 ജനുവരിക്ക് ശേഷം ഹാർവ്സ് എയർ ഫ്ലൈയിംഗ് സ്കൂളുമായി ബന്ധപ്പെട്ടുണ്ടാകുന്ന മൂന്നാമത്തെ വലിയ അപകടമാണിത്. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ, ട്രാന്സ്പോർട്ട് കാനഡ, ആർ.സി.എം.പി (RCMP) എന്നിവർ സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









