ടെഹ്റാൻ : ഇറാനിൽ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ യുവാക്കളുടെ വിവാഹ തീരുമാനങ്ങളിലും വലിയ മാറ്റം. 2016 മുതൽ ഒരുമിച്ചുള്ള സുഭാൻ ദഷ്തിയും നാദിയ സബ്സിയും മാർച്ച് 20–21ന് നടക്കുന്ന ഇറാനിയൻ പുതുവത്സരമായ നൗറൂസ് 1405-ൽ വിവാഹിതരാകാനായിരുന്നു തീരുമാനിച്ചിരുന്നത്. വിവാഹത്തിനായി വീട്ടുസാധനങ്ങൾ വാങ്ങിത്തുടങ്ങിയെങ്കിലും കഴിഞ്ഞ വർഷം വില കുത്തനെ ഉയർന്നതും രാഷ്ട്രീയ-സാമൂഹിക സംഘർഷങ്ങൾ രൂക്ഷമായതും പിന്നാലെ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതും പദ്ധതികളെ തകിടംമറിച്ചു. യുദ്ധത്തെ തുടർന്ന് ദഷ്തിയുടെ കുടുംബം ടെഹ്റാനിൽനിന്ന് വടക്കൻ മേഖലയിലേക്ക് മാറുകയും വിവാഹ ഒരുക്കങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. പിന്നീട് കുടുംബം തിരിച്ചെത്തിയെങ്കിലും ചെലവുകൾ കുത്തനെ ഉയർന്നതോടെ വിവാഹം ഏതാനും മാസത്തേക്ക് കൂടി മാറ്റിവയ്ക്കാൻ ദമ്പതികൾ തീരുമാനിച്ചു.
35കാരനായ ദഷ്തിയുടെ മാസവരുമാനം ഏകദേശം 100 മില്യൺ തോമാണ് (432 ഡോളർ) ആണ്. ഇത് ഇറാനിലെ ശരാശരി തൊഴിലാളിയുടെ വരുമാനത്തേക്കാൾ കൂടുതലാണെങ്കിലും വിവാഹം ഉടൻ നടത്തുന്നത് സാമ്പത്തികമായി സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. വിവാഹത്തിനായി 70 മില്യൺ തോമാണ് (302 ഡോളർ) ബജറ്റ് ചെയ്തിരുന്ന ഒരു ടെലിവിഷന് ഇപ്പോൾ ഏകദേശം 100 മില്യൺ തോമാണ് (432 ഡോളർ) വിലയായി. 34കാരിയായ സബ്സിക്ക് ചെലവ് മാത്രമല്ല ആശങ്ക; യുദ്ധം വീണ്ടും തുടങ്ങിയാൽ വിവാഹത്തിനിടെ സുരക്ഷിതരായിരിക്കുമോ എന്ന ഭയവുമുണ്ട്. സെപ്റ്റംബർ ആദ്യം തെക്കൻ ഇറാനിലെ സിറിക് കൗണ്ടിയിലെ കുഹെസ്തക്കിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന വീട്ടിൽ യുഎസ് നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
യുദ്ധം, ഉപരോധം, പണപ്പെരുപ്പം, സാധനങ്ങളുടെ ക്ഷാമം എന്നിവ യുവ ദമ്പതികളുടെ വിവാഹ തീരുമാനങ്ങളെ നേരിട്ട് ബാധിക്കുന്നതായി ടെഹ്റാനിലെ വിവാഹ മേക്കപ്പ് ആർട്ടിസ്റ്റ് സിമിൻ നൂറിയും പറയുന്നു. വിവാഹ സീസണിൽ ദിവസവും രണ്ടോ മൂന്നോ വധുക്കളെ വരെ ഒരുക്കിയിരുന്ന അവരുടെ സലൂണിൽ ഇപ്പോൾ ആഴ്ചയിൽ രണ്ടോ മൂന്നോ പേരാണ് എത്തുന്നത്. ടെഹ്റാനിൽ സാധാരണ ബ്രൈഡൽ പാക്കേജിന് ഏകദേശം 70 മില്യൺ തോമാണ് (302 ഡോളറും) വിഐപി പാക്കേജിന് 150 മില്യൺ തോമാണ് (648 ഡോളറും) വരെ ചെലവാകും. കുറഞ്ഞ വരുമാനമുള്ള മേഖലകളിൽ ഇത് ഏകദേശം 50 മില്യൺ തോമാണ് (216 ഡോളർ) ആണ്. വിവാഹച്ചെലവ് കുറയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. അതേസമയം, വിവാഹിതരായ പെയ്ജ്മാനും സനാസിനും വാടകയിലും വലിയ വർധന നേരിടുന്നു. ഒരു വർഷം മുമ്പ് 34 മില്യൺ തോമാണ് ആയിരുന്ന അവരുടെ വാടകയും ഡെപ്പോസിറ്റും ഉൾപ്പെടെയുള്ള ചെലവ് ഇപ്പോൾ 58 മില്യൺ തോമാണ് ആയി ഉയർന്നു. ഏകദേശം 71 ശതമാനമാണ് വർധന.
ഇറാനിലെ ഒരു മധ്യനില ടെഹ്റാൻ വിവാഹത്തിന് ഏകദേശം 100 അതിഥികൾക്കായി ഹാൾ, വധുവിന്റെ ഒരുക്കങ്ങൾ, വസ്ത്രം, ഫോട്ടോഗ്രഫി, സംഗീതം, സ്വർണം എന്നിവ ഉൾപ്പെടെ ഇപ്പോൾ ഏകദേശം 1.1 ബില്യൺ തോമാണ് (4,752 ഡോളർ) ചെലവാകും. 2025ലെ യുദ്ധത്തിന് മുമ്പ് ഇത് ഏകദേശം 480 മില്യൺ തോമാണ് (2,074 ഡോളർ) ആയിരുന്നു. സാമ്പത്തിക വിദഗ്ധൻ അമീർ ഹൊസൈൻ മൊഹദ്ദെസ് പറയുന്നത്, കുടുംബം തുടങ്ങുന്നതിനുള്ള ചെലവും അത് നിലനിർത്തുന്നതിനുള്ള ചെലവും ഒരുപോലെ പ്രതിസന്ധിയിലായെന്നാണ്.
ദീർഘകാല പണപ്പെരുപ്പവും അനിശ്ചിതത്വവും യുവ ഇറാനികളിൽ ഉത്കണ്ഠയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷക്കുറവും കുടുംബജീവിതം വൈകിപ്പിക്കുന്ന പ്രവണതയും വർധിപ്പിക്കുന്നതായി രാഷ്ട്രീയശാസ്ത്ര പ്രൊഫസർ ജലീൽ ദാരയും ചൂണ്ടിക്കാട്ടുന്നു. നിലവിലെ യുദ്ധം മാത്രമല്ല പ്രതിസന്ധിക്ക് കാരണം, വർഷങ്ങളായുള്ള ഉപരോധം, പണപ്പെരുപ്പം, കറൻസി മൂല്യത്തകർച്ച, കുറഞ്ഞ നിക്ഷേപം, ആഭ്യന്തര നയപരമായ വീഴ്ചകൾ എന്നിവയും വിവാഹവും ഭവനവും യുവാക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടാക്കിയിരുന്നു.
വിവാഹ വായ്പകളും യുവാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മതിയാകുന്നില്ല. 2023ൽ ഒരാൾക്ക് 180 മില്യൺ തോമാണ് വീതവും ദമ്പതികൾക്ക് 360 മില്യൺ തോമാണ് വരെയും ലഭിച്ചിരുന്ന സ്റ്റാൻഡേർഡ് വിവാഹ വായ്പ ഇപ്പോൾ ഒരാൾക്ക് 300 മില്യൺ തോമാണ്, ദമ്പതികൾക്ക് 600 മില്യൺ തോമാണ് ആയി ഉയർന്നിട്ടുണ്ട്. എന്നാൽ പണപ്പെരുപ്പം കാരണം വായ്പയുടെ യഥാർത്ഥ വാങ്ങൽശേഷി 2023നുശേഷം ഡോളർ കണക്കിൽ ഏകദേശം 64 ശതമാനം കുറഞ്ഞതായി ബാങ്ക് ജീവനക്കാരനായ അബ്ബാസ് ദെറഫ്ഷി പറയുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ യുദ്ധം അവസാനിക്കുന്നത് മാത്രം പോരെന്നും കറൻസി സ്ഥിരത, യഥാർത്ഥ വേതന വർധന, ഉൽപാദനക്ഷമമായ തൊഴിൽ, കൂടുതൽ നിക്ഷേപം, സാമ്പത്തിക അനിശ്ചിതത്വം കുറയൽ എന്നിവ ആവശ്യമാണ്.
ചെലവുകൾ താങ്ങാനാകാത്ത സാഹചര്യത്തിൽ പെയ്ജ്മാനും സനാസും വിദേശത്ത് പഠിക്കാൻ ഇറാൻ വിടുന്നതും പരിഗണിക്കുകയാണ്. “ഞങ്ങൾ ഇരുവരും ഇറാനെ സ്നേഹിക്കുന്നു. ഡോക്ടറേറ്റ് പൂർത്തിയാക്കി രാജ്യത്തേക്ക് മടങ്ങി പ്രവർത്തിക്കാനാണ് ആഗ്രഹം. അപ്പോഴേക്കും സാഹചര്യം മെച്ചപ്പെട്ടിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” സനാസ് പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








