ഇറ്റലിയിൽ സ്കൂളുകളിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താനും ബുർഖ, നിഖാബ് ഉൾപ്പെടെയുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്താനും സർക്കാർ നീക്കം. പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് ഞായറാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി സംഘടിപ്പിച്ച യുവജന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഓരോ ക്ലാസിലും അനുവദിക്കാവുന്ന വിദേശ വിദ്യാർഥികളുടെ പരമാവധി എണ്ണം നിയമപരമായി നിശ്ചയിക്കുന്നതിനുള്ള നിർദേശം ഉടൻ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് മെലോണി പറഞ്ഞു. ഇറ്റാലിയൻ വിദ്യാഭ്യാസ സംവിധാനവുമായി പൊരുത്തപ്പെടുന്നതിൽ ഗുരുതര ബുദ്ധിമുട്ട് നേരിടുന്ന വിദേശ വിദ്യാർഥികളുടെ മാതാപിതാക്കൾ ഇറ്റാലിയൻ ഭാഷ പഠിക്കണമെന്നും നിർദേശത്തിലുണ്ടാകും. സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും വിലക്കേർപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
ഇറ്റാലിയൻ ഭാഷ മനസ്സിലാകാത്ത ഒരു കുട്ടി മാത്രമാണ് ക്ലാസിലുള്ളതെങ്കിൽ അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ ഭാഷ പഠിച്ച് വേഗത്തിൽ സമൂഹവുമായി ഇണങ്ങാൻ കഴിയുമെന്ന് മെലോണി പറഞ്ഞു. എന്നാൽ, ഭാഷ അറിയാത്ത കുട്ടികളുടെ എണ്ണം കൂടുതലാകുകയോ അവർ ഭൂരിപക്ഷമാകുകയോ ചെയ്താൽ അത് ഏകീകരണമല്ലെന്നും അവഗണനയാണെന്നും അവർ കൂട്ടിച്ചേർത്തു. ക്ലാസ് മുറികളിൽ ഇറ്റാലിയൻ കുട്ടികൾ ന്യൂനപക്ഷമാണെന്ന തോന്നൽ ഉണ്ടാകരുതെന്നും മെലോണി പറഞ്ഞു.
വിദ്യാർഥികൾ മുഖം മറയ്ക്കാതെയാണ് സ്കൂളിൽ എത്തേണ്ടതെന്നും മെലോണി വ്യക്തമാക്കി. “യഥാർഥമോ സങ്കൽപ്പിതമോ ആയ ഒരു പാരമ്പര്യത്തിന്റെ പേരിൽ ഒരു യുവതി സ്വയം മറയ്ക്കണമെന്ന് ഇറ്റലിയിൽ ആർക്കും തീരുമാനിക്കാനാകില്ല,” എന്നും അവർ പറഞ്ഞു. കുടിയേറ്റം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമായ ഇറ്റലിയിൽ, പ്രത്യേകിച്ച് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ സംയോജനം രാഷ്ട്രീയത്തിലും സമൂഹത്തിലും ഭിന്നതകൾക്ക് കാരണമാകുന്നുണ്ട്.
യൂറോപ്പിൽ കുടിയേറ്റത്തിന് ഏറ്റവും കൂടുതൽ വിധേയമായ രാജ്യങ്ങളിലൊന്നാണ് മധ്യധരണ്യാഴിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇറ്റലി. മതചിഹ്നങ്ങൾ, സാംസ്കാരിക ഏകീകരണം, പൗരത്വ നിയമങ്ങൾ, കുടിയേറ്റ നയം തുടങ്ങിയ വിഷയങ്ങൾ രാജ്യത്ത് തുടർച്ചയായ ചർച്ചകൾക്ക് വഴിവയ്ക്കുന്നു.
റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്ത Fondazione ISMUയുടെ കണക്കുകൾ പ്രകാരം, ഇറ്റാലിയൻ പൗരത്വമില്ലാത്ത വിദ്യാർഥികൾ രാജ്യത്തെ ആകെ സ്കൂൾ വിദ്യാർഥികളുടെ 11.6 ശതമാനമാണ്. അതായത്, 100 വിദ്യാർഥികളിൽ ഏകദേശം 12 പേർ. എന്നാൽ, ഓരോ ക്ലാസിലും വിദേശ വിദ്യാർഥികൾക്ക് ഏർപ്പെടുത്താനുദ്ദേശിക്കുന്ന കൃത്യമായ പരിധി മെലോണി വ്യക്തമാക്കിയിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








