നയാഗ്ര: കാനഡയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നയാഗ്ര ഫാൾസിൽ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും ഉയരം കൂടിയ പുതിയ ഫെറിസ് വീൽ നിർമിക്കാനുള്ള പദ്ധതി തയ്യാറാക്കി. വിനോദസഞ്ചാര മേഖലയിലെ പ്രമുഖ കമ്പനിയായ ‘HOCO എന്റർടൈൻമെന്റ് ആന്റ് റിസോർട്സ്’ ആണ് 76 മീറ്റർ ഉയരമുള്ള ഈ പുതിയ ഫെറിസ് വീൽ നിർമിക്കുന്നത്. നയാഗ്രയിലെ പ്രശസ്തമായ ക്ലിഫ്റ്റൺ ഹില്ലിൽ നിലവിലുള്ള ‘നയാഗ്ര സ്കൈവീൽ’ പൊളിച്ചുമാറ്റിയാണ് കൂടുതൽ സൗകര്യങ്ങളോടെ പുതിയത് പണിയുന്നത്. ഏകദേശം 20 വർഷമായി പ്രവർത്തിക്കുന്ന നിലവിലെ ഫെറിസ് വീലിന് 53 മീറ്റർ മാത്രമാണ് ഉയരമുള്ളത്.
നേരത്തെ ക്വീൻ വിക്ടോറിയ പാർക്കിൽ കൂറ്റൻ ഫെറിസ് വീൽ സ്ഥാപിക്കാൻ ‘നയാഗ്ര പാർക്സ് കമ്മീഷൻ’ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് സഞ്ചാരികളുടെ പ്രധാന കേന്ദ്രമായ ക്ലിഫ്റ്റൺ ഹില്ലിലെ പഴയ സ്കൈവീലിന്റെ സ്ഥാനത്തുതന്നെ പുതിയ മെഗാ വീൽ നിർമിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. പുതിയ ഫെറിസ് വീലിന്റെ നിർമാണം പൂർത്തിയാകുന്നതോടെ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകളും ചുറ്റുമുള്ള പ്രദേശങ്ങളും സഞ്ചാരികൾക്ക് ഇതിലും കൂടുതൽ ഉയർന്ന ദൂരക്കാഴ്ചയിൽ കണ്ട് ആസ്വദിക്കാൻ സാധിക്കും.
Also Read more: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
നയാഗ്ര പ്രദേശത്തെ വിനോദസഞ്ചാരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ വൻ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം പ്രദേശത്ത് മറ്റ് പ്രമുഖ വികസന പദ്ധതികളും നിലവിൽ പുരോഗമിക്കുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ‘ടൊറന്റോ പവർ ജനറേറ്റിംഗ് സ്റ്റേഷൻ’ അത്യാധുനിക 5 സ്റ്റാർ ബൂട്ടിക് ഹോട്ടലാക്കി മാറ്റുന്ന പ്രവൃത്തികൾ ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. പുതിയ ഫെറിസ് വീലും മറ്റ് വികസന പദ്ധതികളും പൂർത്തിയാകുന്നതോടെ മേഖലയിലേക്ക് എത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









