കോളേജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ ലക്ഷ്യമിട്ട് കേരള സർവകലാശാല സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗരേഖ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ക്യാമ്പസുകൾക്കുള്ളിൽ വിദ്യാർത്ഥികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിലക്കുന്നതാണ് പുതിയ നിർദ്ദേശം. നിർദ്ദേശങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കോളേജുകളിൽ പ്രിൻസിപ്പലിനും സർവകലാശാലാ ക്യാമ്പസിൽ വൈസ് ചാൻസലർക്കും കർശന നടപടിയെടുക്കാൻ അധികാരം നൽകുന്നതാണ് കരട് ചട്ടം. ഈ നീക്കത്തിനെതിരെ കോൺഗ്രസ് സംഘടനകളും പ്രതിപക്ഷ നേതാവും പരസ്യമായി രംഗത്തെത്തിയതോടെ വിഷയം വൻ രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യു കൊല്ലപ്പെട്ട സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ചുകൊണ്ട്, ഹൈക്കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല ഈ പെരുമാറ്റച്ചട്ടം രൂപീകരിച്ചത് എന്നാണ് വിവരം. സമാനമായ രീതിയിൽ നേരത്തെ എം.ജി. സർവകലാശാല കരട് ചട്ടം രൂപീകരിച്ചിരുന്നെങ്കിലും, ഇടത് വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള സർവകലാശാലയിലും വിദ്യാർത്ഥി സംഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളുമായി പുതിയ മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്.
ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളികൾ, പ്രതിഷേധങ്ങൾ, സമരങ്ങൾ എന്നിവ പൂർണ്ണമായും നിരോധിക്കുന്നതാണ് പുതിയ കരട് നിർദ്ദേശം. കൂടാതെ കൊടിതോരണങ്ങൾ, രാഷ്ട്രീയ പ്രചാരണ ബോർഡുകൾ, ഫ്ലെക്സുകൾ എന്നിവ സ്ഥാപിക്കുന്നതും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കൂട്ടംകൂടുന്നതും പരിപാടികൾ സംഘടിപ്പിക്കുന്നതും മാർഗരേഖ വിലക്കുന്നു. എന്നാൽ, നിലവിലെ കരട് മാർഗ്ഗരേഖ അന്തിമമല്ലെന്നും ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച ശേഷമേ حന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നുമാണ് സർവകലാശാലാ അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം.
മാർഗരേഖയിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ചട്ടലംഘനം നടത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് 5,000 രൂപ മുതൽ 20,000 രൂപ വരെ പിഴ ഈടാക്കാനും, ആവശ്യമെങ്കിൽ സർവകലാശാലയ്ക്ക് കീഴിലുള്ള ഒരു കോളേജിലും പഠിക്കാൻ സാധിക്കാത്ത വിധം വിദ്യാർത്ഥികളെ ഡിസ്മിസ് ചെയ്യാനും ശുപാർശയുണ്ട്. ഇതിനുപുറമേ, സമരം നടത്തുന്ന സംഘടന ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടതാണെങ്കിൽ, ആ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പിഴ ഈടാക്കാമെന്ന നിർദ്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളുടെ വേരറുക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് ഇതിൽ ഭൂരിഭാഗവുമെന്ന ആക്ഷേപം ശക്തമാണ്.
Kerala University Draft Guidelines Face Campus Politics Backlash
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








