മെൽബൺ: രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനായി വിസ നിയമങ്ങളിൽ വൻ മാറ്റങ്ങളുമായി ഓസ്‌ട്രേലിയ. അന്താരാഷ്ട്ര വിദ്യാർത്ഥികൾ, പഠനം കഴിഞ്ഞ് വിസ നീട്ടാൻ ശ്രമിക്കുന്നവർ, താൽക്കാലിക ജോലിക്ക് എത്തുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണങ്ങൾ. വ്യാഴാഴ്ച ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് ആണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. വർദ്ധിച്ചുവരുന്ന ജനസംഖ്യ, വീട്ടുവാടക, ജീവിതച്ചെലവ് എന്നിവ നിയന്ത്രിക്കാനാണ് സർക്കാരിന്റെ ഈ നടപടി.
പുതിയ ഉത്തരവ് പ്രകാരം വിദേശ വിദ്യാർത്ഥികൾക്ക് ഇനി കുടുംബത്തെ കൂടെക്കൊണ്ടുവരാൻ കഴിയില്ല. എന്നാൽ നിലവിൽ രാജ്യത്തുള്ളവർക്കും പി.എച്ച്.ഡി വിദ്യാർത്ഥികൾക്കും ഇതിൽ ഇളവുണ്ടാകും. ഒപ്പം, ഒരു കോഴ്‌സ് കഴിഞ്ഞ ശേഷം പഠന വിസ നീട്ടിയെടുക്കാൻ കുറഞ്ഞ യോഗ്യതയുള്ള മറ്റ് ചെറിയ കോഴ്‌സുകളിൽ ചേരുന്ന രീതിയും ഇനി നടപ്പിലാകില്ല. ഉയർന്ന കോഴ്‌സുകളിലേക്ക് മാറുന്നവർക്ക് മാത്രമായിരിക്കും തുടർന്ന് പഠിക്കാൻ അനുമതി ലഭിക്കുക.
വിനോദത്തോടൊപ്പം താൽക്കാലിക ജോലി കൂടി ചെയ്യാൻ സഹായിക്കുന്ന ‘വർക്കിംഗ് ഹോളിഡേ’ വിസക്കാർക്കും ഇനി നിയന്ത്രണമുണ്ടാകും. ഈ വിസ ലഭിക്കുന്നവരുടെ എണ്ണം കുറയ്ക്കാനായി പ്രത്യേക നറുക്കെടുപ്പ് (ബാലറ്റ്) രീതി കൊണ്ടുവരും. അതേസമയം യുകെ പൗരന്മാർക്ക് ഈ മാറ്റങ്ങളിൽ ഇളവുണ്ട്. വരുന്ന 2028-ഓടെ രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം വലിയ തോതിൽ കുറയ്ക്കാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









