കാൽഗറി: ആൽബർട്ടയിൽ വോട്ടുചെയ്യാൻ ഇനി മുതൽ കനേഡിയൻ പൗരത്വത്തിന്റെ തെളിവ് കാണിക്കണമെന്ന പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ഒക്ടോബർ 19-ന് നടക്കുന്ന റഫറണ്ടത്തിൽ ഈ വിഷയം ജനങ്ങളുടെ അഭിപ്രായം തേടും. കനേഡിയൻ പൗരന്മാർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളൂ എന്ന് ഉറപ്പാക്കാനാണ് ഈ നീക്കമെന്നാണ് സർക്കാറിന്റെ വിശദീകരണം. ഈ നിർദ്ദേശം ജനം അംഗീകരിക്കുകയാണെങ്കിൽ, ഇനി മുതൽ വോട്ട് ചെയ്യണമെങ്കിൽ പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ പൗരത്വ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും കാണിക്കേണ്ടി വരും.
കള്ളവോട്ട് തടയാനും വോട്ടിംഗ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനുമാണ് ഈ നിയമം കൊണ്ടുവരുന്നതെന്നാണ് സർക്കാർ പറയുന്നത്. ഇതിന്റെ ഭാഗമായി ആൽബർട്ടയിലെ പുതിയ ഡ്രൈവിംഗ് ലൈസൻസുകളിലും തിരിച്ചറിയൽ കാർഡുകളിലും ആൾ പൗരനാണോ അല്ലയോ എന്ന് വ്യക്തമാക്കുന്ന പൗരത്വ സൂചകം ഉൾപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ആൽബെർട്ടയിലോ കാനഡയിലോ കള്ളവോട്ടുകൾ നടക്കുന്നത് വളരെ അപൂർവ്വമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, ഇല്ലാത്ത പ്രശ്നത്തിന്റെ പേരിലാണ് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
Also Read : കാനഡയിൽ 30 ഡിഗ്രിവരെ വേനൽച്ചൂട്: 5 തീയ്യതികളിൽ കൂടുതൽ ശ്രദ്ധ വേണം
പുതിയ നിയമം വന്നാൽ പൗരത്വ രേഖകൾ കൃത്യമായി കൈവശമില്ലാത്തവർ, വിദ്യാർത്ഥികൾ, പ്രായമായവർ, പുതിയ കുടിയേറ്റക്കാർ എന്നിവർക്ക് വോട്ട് ചെയ്യാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, വോട്ടവകാശം കാനഡയിലെ ഭരണഘടന ഉറപ്പുനൽകുന്ന ഒന്നായതിനാൽ, പുതിയ നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സാധ്യതയേറെയാണ്. ഒക്ടോബർ 19-ന് നടക്കുന്ന വോട്ടെടുപ്പിൽ ജനങ്ങൾ എന്താണ് തീരുമാനിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഈ നിയമത്തിന്റെ ഭാവി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









