കൊച്ചി: അളവിൽ കവിഞ്ഞ മദ്യം കൈവശം വച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെ ഓഫീസിലെത്തിയാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആന്റോയെ വയനാട്ടിലെത്തിച്ച ശേഷം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു. നിലവിൽ കേസിൽ ആന്റോ മാത്രമാണ് പ്രതി.
ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിലും അധികം വിവിധതരം മദ്യമാണ് വാഴവറ്റയിലെ വീട്ടിൽനിന്ന് കണ്ടെത്തിയത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശവൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ എന്നിവയ്ക്കുപുറമെ ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും മറ്റൊരു മുറിയിൽനിന്ന് കണ്ടെത്തി. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 വകുപ്പുകൾ പ്രകാരമാണ് എക്സൈസ് കേസെടുത്തത്. അനധികൃത മദ്യക്കടത്തും കൈവശംവയ്ക്കലും, വിൽപനയ്ക്കായി അനധികൃതമായി മദ്യം സൂക്ഷിക്കൽ, നികുതി വെട്ടിച്ച് മദ്യം കൈവശംവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അറസ്റ്റിനിടെ ആന്റോ എഫ്ഐആർ കോപ്പി ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചതോടെ നാടകീയ രംഗങ്ങളുണ്ടായി. എഫ്ഐആർ കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്നായിരുന്നു ആന്റോയുടെ നിലപാട്. ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ എഫ്ഐആർ കോപ്പിയുമായി എത്തുകയായിരുന്നു.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് വാഴവറ്റയിലെ വീട്ടിൽ നടത്തിയ എസ്ഐടി റെയ്ഡ് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് എക്സൈസ് സംഘം ഓഫീസിലെത്തിയത്. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് പൂർത്തിയാക്കിയത്. ഏകദേശം 20 മണിക്കൂർ നീണ്ട പരിശോധനയിൽ നിരവധി രേഖകളും മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തു. 6300 അമേരിക്കൻ ഡോളറും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








