വൻകൂവർ: ക്രിക്കറ്റിൽ അഴിമതി അനുവദിക്കില്ലെന്ന ഉറച്ച നിലപാടോടെ ‘കാനഡ സൂപ്പർ 60’ ടി10 ടൂർണമെന്റുമായി ഇന്ത്യൻ മുൻ താരം യുവരാജ് സിങ് രംഗത്തെത്തി. വൻകൂവറിൽ ആരംഭിക്കുന്ന ഈ ലീഗിന്റെ ബ്രാൻഡ് അംബാസഡറും പ്രധാന മുഖവുമാണ് യുവരാജ്. വടക്കേ അമേരിക്കൻ കായിക ആരാധകരെ ആകർഷിക്കാൻ ബാസ്‌ക്കറ്റ്‌ബോൾ, ഐസ് ഹോക്കി പോലെ ഒന്നുരണ്ട് മണിക്കൂറിനുള്ളിൽ വേഗത്തിൽ തീരുന്ന രീതിയിലാണ് ആറ് ടീമുകളും 24 മത്സരങ്ങളുമുള്ള ഈ ടി10 ടൂർണമെന്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. കായികപോരാട്ടങ്ങൾക്കൊപ്പം സംഗീതവും കലാപരിപാടികളും കോർത്തിണക്കി ഒരു കാർണിവൽ അന്തരീക്ഷമാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
കളിയുടെ സുതാര്യത ഉറപ്പാക്കി ‘നോ കറപ്ഷൻ’ നയം നടപ്പിലാക്കുകയാണ് തന്റെ പ്രധാന മുൻഗണനയെന്നും, അങ്ങനെ മികച്ച രീതിയിൽ ടൂർണമെന്റ് മുന്നോട്ട് കൊണ്ടുപോയി ഐ.സി.സി (ICC) അംഗീകാരം നേടുകയാണ് ആത്യന്തിക ലക്ഷ്യമെന്നും യുവരാജ് വ്യക്തമാക്കുന്നു. ഇന്ത്യൻ മുൻ താരം സഹീർ ഖാൻ വൻകൂവർ ഫ്രാഞ്ചൈസിയുടെ ഡയറക്ടറായി എത്തിയത് ലീഗിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. കാനഡയിലെയും അമേരിക്കയിലെയും കുടിയേറ്റക്കാരുടെ കുട്ടികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാതെ തന്നെ പ്രൊഫഷണൽ രീതിയിൽ ക്രിക്കറ്റ് കളിക്കാനുള്ള മികച്ചൊരു പ്ലാറ്റ്‌ഫോം കൂടിയായിരിക്കും ഈ ലീഗ്.
ടീം കോച്ചിംഗിന് പകരം ഇൻഡിവിജ്വൽ ട്രെയിനിംഗ് തിരഞ്ഞെടുക്കുന്നതിന്റെ കാരണവും യുവരാജ് വെളിപ്പെടുത്തി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം യുവതാരങ്ങളുടെ മാനസിക സമ്മർദ്ദങ്ങളും ആശയക്കുഴപ്പങ്ങളും മാറ്റിയെടുക്കാനാണ് താൻ ആഗ്രഹിക്കുന്നത്. സ്വന്തം കരിയറിൽ സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിച്ച് മാനസിക സമ്മർദ്ദങ്ങൾ കുറച്ച അനുഭവം ചൂണ്ടിക്കാണിച്ച യുവരാജ്, പഞ്ചാബിലെ യുവതാരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തൽക്കാലം ഇന്ത്യൻ ടീമിന്റെ ചുമതലകളിലേക്ക് വരാൻ പദ്ധതിയില്ലെന്നും കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









